ചെന്നൈയില്‍ നിന്ന് കൊണ്ടുവരികയായിരുന്ന ഒരു കോടി രൂപയുടെ അസാധുനോട്ടുകളുമായി നാലംഗസംഘം പൊലീസിന്‍റെ പിടിയിലായി. പ്രവാസികള്‍ക്കുള്ള ഇളവ് പ്രയോജനപ്പെടുത്തി നോട്ടുകള്‍ മാറ്റിയെടുക്കാനാണ് സംഘം പണം കൊണ്ടുവന്നത്.

കോഴിക്കോട് ഫറൂക്ക് സ്വദേശി ഫിന്‍സിര്‍, ബാലുശ്ശേരി സ്വദേശി ഷിജിത്ത്, മലപ്പുറം സ്വദേശി ഷഹാദ്, താനൂര്‍ സ്വദേശി സലാഹുദ്ദീന്‍, എന്നിവരാണ് പിടിയിലായത്. കോഴിക്കോട് -കോട്ടക്കല്‍ ദേശീയപാതയില്‍ കക്കാട് വച്ചാണ് നാലംഗ സംഘത്തെ പൊലീസ് പിടികൂടിയത്. ചെന്നൈയില്‍ നിന്ന് കാറില്‍ നിരോധിച്ച ആയിരം രൂപയുടെ ഒരു കോടിയോളം വരുന്ന പണവുമായി വരികയായിരുന്നു ഇവര്‍. ഇരുപത്തിരണ്ട് ലക്ഷം രൂപ നല്‍കിയാണ് നിരോധിച്ച നോട്ടുകള്‍ വാങ്ങിയതെന്ന് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു. ചെന്നൈ കേന്ദ്രീകരിച്ച് വന്‍ തോതില്‍ അസാധു നോട്ടുകളുണ്ടെന്നും കുറഞ്ഞ തുകയ്‍ക്ക് ഈ നോട്ടുകള്‍ വാങ്ങി പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യം ഉപയോഗപെടുത്തി നോട്ടുകള്‍ മാറാനാണ് ലക്ഷ്യമിട്ടതെന്നും ഇവര്‍ പറഞ്ഞു.