കോഴിക്കോട്: വടകരയില്‍ മൂന്ന് ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ട് പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര തായലങ്ങാടി സ്വദേശി സലീം, മലപ്പുറം മേലാറ്റൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്. 3,16,500 രൂപയുടെ കള്ളനോട്ട് ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. 2000, 500 രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് സംഘം നോട്ട് അച്ചടിച്ചത്. വാട്ടര്‍മാര്‍ക്കില്‍ മാത്രമാണ് ചെറിയ വ്യത്യാസമുള്ളത്.
വടകര ഡിവൈ.എസ്.പി ടി.പി പ്രേമരാജന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വടകര പുതിയ ബസ്റ്റാന്‍റ് പരിസരത്ത് നിന്നാണ് ഇവര്‍ അറസ്റ്റിലായത്. വയനാട്ടില്‍ നിന്നും കള്ളനോട്ട് അച്ചടിച്ച് ബെംഗളുരുവില്‍ വിതരണം ചെയ്യുകയാണ് സംഘത്തിന്‍റെ രീതിയെന്ന് പൊലീസ് പറഞ്ഞു. കേസില്‍ വയനാട് സ്വദേശിയായ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഘം വിവിധ ഇടങ്ങളില്‍ കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ടാവാമെന്നാണ് പൊലീസ് നിഗമനം.
