കൈക്കൂലി വാങ്ങിയ ഡോക്ടര്‍ വ്യാജ രേഖയുമായി കോടതിയില്‍, ജാമ്യം നിഷേധിച്ചു
പത്തനംതിട്ട: കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ ഡോക്ടർ ജാമ്യത്തിനായി വ്യാജ രേഖയുണ്ടാക്കിയെന്ന് കോടതി കണ്ടെത്തി. ആശുപത്രിയിലെ ഡ്യൂട്ടി രേഖകള് വ്യാജമായി ഉണ്ടാക്കിയതിനെ കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. അതേസമയം ഡോക്ടർക്ക് ജാമ്യം നിക്ഷേധിച്ചു.
അടൂർ സർക്കാർ ആശുപത്രിയിലെ ഡോക്ടര് ജീവ് ജസ്റ്റിനെയാണ് രോഗിയിൽ നിന്നും 4000രൂപ കൈക്കൂലി വാങ്ങുന്നതിനെ വിജിലൻസ് പിടികൂടിയത്. കഴിഞ്ഞ മാസം 30നായിരുന്നു അറസ്റ്റ്. വൈകുന്നേരം എട്ടു മണിവരെ ജോലി ചെയ്യേണ്ട ഡോക്ടർ നാലു മണിക്ക് വീട്ടിൽ പോയി സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനെടായണ് പിടിയിലാകുന്നത്.
ജാമ്യത്തിനായി വിജിലൻസ് കോടതിയിൽ പ്രതിയുടെ അഭിഭാഷകൻ നൽകിയ ഡ്യൂട്ടി രേഖയിലാണ് കൃത്രിമം കണ്ടെത്തിയത്. 30-ാം തീയതി ഡ്യൂട്ടിലുണ്ടായിരുന്നില്ലെന്ന രജിസ്റ്ററാണ് ഹാജരാക്കിയത്. എന്നാൽ വിജിലൻസ് നേരത്തെ പിടിച്ചെടുത്ത ശരിയായ ഡ്യൂട്ടി രജിസ്റ്റരിൽ ജീവ് ജസ്റ്റിൻ ഡ്യൂട്ടിലുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത് വിജിലൻസ് അഭിഭാഷകൻ ഹാജരാക്കിതോടെയണ് കോടതിക്ക് സംശയം തോന്നിയത്. ജയിൽ കിടക്കുമ്പോള് കൃത്രിമം നടത്തുന്ന ഡോക്ടർ പുറത്തിറങ്ങിയാൽ കേസ് തന്നെ അട്ടിമറിക്കാൻ ശ്രമിക്കുമെന്ന് കോടതി നിരീക്ഷിച്ചു. പത്തനംതിട്ട വിജിലൻസ് ഡിവൈഎസ്പി വ്യാജ രേഖയെ കുറിച്ചുകൂടി അന്വേഷണം നടത്തും.
