കൊല്ലം: കൊട്ടാരക്കര പത്തനാപുരത്ത് മകളെ പീഡിപ്പിച്ചതിന് ദളിത് സാമൂഹ്യ പ്രവര്‍ത്തകന്‍ അറസ്റ്റിലായ കേസില്‍ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. പൊലീസ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് അച്ഛനെതിരെ മൊഴി നല്‍കിയതെന്നും കള്ളക്കേസിലാണ് അച്ഛനെ ജയിലിലിട്ടിരിക്കുന്നതെന്നും പെണ്‍കുട്ടി ആരോപിച്ചു. എന്നാല്‍ പെണ്‍കുട്ടി സ്വമേധയാ നല്‍കിയ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നതെന്നാണ് പൊലീസ് വ്യക്തമാക്കി.
ഈ മാസം ഒന്നാം തീയതിയാണ് മകളെ പീഡിപ്പിച്ചെന്ന കേസില്‍ പത്തനാപുരം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ ഭാര്യയെ മര്‍ദിച്ചെന്ന പരാതി അന്വേഷിക്കുന്നതിനിടെയാണ് പീഡിപ്പിച്ചെന്ന മകളുടെ പരാതി കിട്ടുന്നതും ഇതിനുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുന്നതും. എന്നാല്‍ ഭീഷണിപ്പെടുത്തിയാണ് പൊലീസ് ഇത്തരത്തില്‍ മൊഴി എടുത്തതെന്നാണ് ഇപ്പോള്‍ മകളുടെ ആരോപണം.
അച്ഛന്‍ ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്നും മകള്‍ പറയുന്നു. പൊലീസ് പറയുന്ന പോലെ മൊഴി നല്‍കിയില്ലെഹ്കില്‍ അച്ഛനെ ഒരിക്കലും പുറത്തുവിടില്ലെന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് കോടതിയില്‍ അച്ഛനെതിരെ രഹസ്യമൊഴി നല്‍കിയത്. ദളിത് വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്നതിലുള്ള വൈരാഗ്യം തീര്‍ക്കാനാണ് പൊലീസ് കള്ളക്കേസ് ചുമത്തിയതെന്നും കുടുംബം ആരോപിക്കുന്നു. എന്നാല്‍ മര്‍ദനത്തിന്‍റെ പരാതി അന്വേഷിക്കുന്നതിനിടെ പെണ്‍കുട്ടി സ്വമേധയ പീഡനവിവരം പുറത്തുപറയുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. പോക്സോ നിയമപ്രകാരം അറസ്റ്റിലായ ഇയാള്‍ റിമാന്‍ഡിലാണ്.
