ഫെര്‍ണാണ്ടസിന്റെ രണ്ട് മക്കളും ബ്രസീലിനായി ആര്‍ത്ത് വിളിക്കാൻ റഷ്യയിലെത്തിയിരുന്നു
ബ്രസീലിന്റെ എക്കാലത്തെയും സൂപ്പര് ആരാധകനായിരുന്ന ക്ലോവിസ് അക്കോസ്റ്റ ഫെര്ണാണ്ടസിനെ ഫുട്ബോൾ ആരാധകര് മറക്കാൻ ഇടയില്ല.ലോകകപ്പ് റഷ്യയിലെത്തുമ്പോൾ പക്ഷെ ക്ലോവിസ് ജീവിച്ചിരിപ്പില്ല.പകരം അദ്ദേഹത്തിന്റെ രണ്ട് മക്കളും ബ്രസീലിനായി ആര്ത്ത് വിളിക്കാൻ റഷ്യയിലെത്തിയിരുന്നു.

ലോകത്തെ ഏറ്റവും ദു:ഖഭരിതനായ മനുഷ്യനാരെന്ന് ചോദിച്ചാൽ ഫുട്ബോൾ ലോകത്തിന് ഒരേ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ.ക്ലോവിസ് അക്കോസ്റ്റ ഫെര്ണാണ്ടസ്.കഴിഞ്ഞ ലോകകപ്പ് സെമിയിലെ ബ്രസീലിയൻ ദുരന്തത്തിന് സാക്ഷിയായി ലോകകപ്പ് മാതൃകയും കെട്ടിപ്പിടിച്ച് എല്ലാം തകര്ന്നവനെപ്പോലെ കണ്ണീരണിഞ്ഞ് നിൽക്കുന്ന ക്ലോവിസിന്റെ ചിത്രം ഒരു ഫുട്ബോൾ ആരാധകനും മറക്കില്ല. 60 രാജ്യങ്ങളിലാണ് ക്ലോവിസ് ബ്രസീൽ ടീമിനെ അനുഗമിച്ചത്. നൂറ്റി അൻപതിലേറെ മത്സങ്ങൾ കണ്ടു. ഏഴ് ലോകകപ്പുകളും. മൂന്ന് വര്ഷം മുൻപ് ക്ലോവിസ് ജീവിതത്തിന്റെ മൈതാനത്ത് നിന്ന് വിട പറഞ്ഞു. ലോകകപ്പ് റഷ്യയിലെത്തിയപ്പോൾ ക്ലോവിസിന്റെ രണ്ട് ആൺമക്കളും അച്ഛന്റെ പാതയിൽ തന്നെയാണ്. രണ്ട് പേരും ലോകകപ്പ് കാണാൻ റഷ്യയിലുണ്ടായിരുന്നു. ഫ്രാങ്ക് ക്ലോവിസ് ഫെര്ണാണ്ടസും ഗൊസ്താവോ ഫെര്ണാണ്ടസും.ഇന്നലെ ബെൽജിയം വന്മതിലിൽ തട്ടി ബ്രസീൽ വീണപ്പോൾ അച്ഛനെപ്പോലെ തന്നെ ഇരുവരും കണ്ണീരണിഞ്ഞു. ക്ലോവിസ് കയ്യിൽ കരുതിയിരുന്ന അതേപൊലൊരു ലോകകപ്പ് മാതൃക നെഞ്ചോട് ചേര്ത്ത്.കാരണം ഓരോ ബ്രസീലികാരന്റെയും ജീവിതത്തോട് അത്രയെറെ ചേര്ന്നിരിക്കുകയാണ് ഫുട്ബോൾ. അലിഞ്ഞ് ചേര്ന്നിരിക്കുകയാണ് രക്തത്തിൽ. 16 ദിവസം റഷ്യയിലുണ്ടായിരുന്ന ഫ്രാങ്കും ഗൊസ്താവും ബ്രസീലിന്റെ പടയോട്ടം അവസാനിച്ചതോടെ റഷ്യയോട് വിടപറയുകയാണ്.ഖത്തറിൽ കാണാമെന്ന് ഫുട്ബോൾ ലോകത്തിന് വാക്കു നൽകി.
