പത്ത് ദിവസം നീണ്ട ആദ്യ ഘട്ട സമരം കർഷകർ ഇന്ന് അവസാനിപ്പിക്കും നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാതെ ഗ്രാമീണ മേഖലകളിലായിരുന്നു കർഷകരുടെ അഖിലേന്ത്യാ ബന്ദ്
മുംബൈ: കാർഷിക പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ സംയുക്തമായി നടത്തുന്ന അഖിലേന്ത്യാ ബന്ദ് തുടരുകയാണ്. അതേസമയം മഹാരാഷ്ട്രയിലും ഹരിയാനയിലും രാജസ്ഥാനിലും റോഡ് ഉപരോധിച്ച കർഷകരെ അറസ്റ്റ് ചെയ്തു. പത്ത് ദിവസം നീണ്ട ആദ്യ ഘട്ട സമരം കർഷകർ ഇന്ന് അവസാനിപ്പിക്കും. നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാതെ ഗ്രാമീണ മേഖലകളിലായിരുന്നു കർഷകരുടെ അഖിലേന്ത്യാ ബന്ദ്.
പച്ചക്കറിയും പഴവും പാലും തടഞ്ഞ് സമരം പത്ത് ദിവസം പിന്നിടുമ്പോഴും ചർച്ചയ്ക്ക് തയാറാകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ബന്ദ്. രാഷ്ട്രീയ കിസാൻ സംഘ് ഉൾപ്പടെ 130 കർഷക സംഘടനകൾ സംയുക്തമായി ബന്ദിൽ പങ്കെടുത്തു. ഹരിയാനയിലും രാജസ്ഥാനിലുമായി റോഡ് ഉപരോധിച്ച 14 കർഷകരെ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാപാര സംഘടനകളോട് കടയടച്ച് സമരത്തിൽ പങ്ക് ചേരണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പലയിടങ്ങളിലും കടകൾ തുറന്ന് പ്രവർത്തിച്ചു. കാർഷിക കടങ്ങൾ എഴുതി തള്ളുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, 50% താങ്ങുവില ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ നേടും വരെ സമരം തുടരും. ആദ്യ സമരം ഇന്ന് അവസാനിപ്പിക്കുമെങ്കിലും രണ്ടാം ഘട്ട സമര രീതികൾ ചർച്ച ചെയ്യാൻ അടുത്ത ആഴ്ച ദില്ലിയിൽ കർഷക സംഘടനകൾ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്.
