ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷകനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ശരീരത്തില്‍ പൊളളലേറ്റ നിലയിലായിരുന്നു മങ്കൊമ്പ് സ്വദേശി ജോയപ്പന്‍റെ മൃതദേഹം. സൂര്യാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മരണ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ജോയപ്പന്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് വയലിലെത്തിയത്. ആറ് ഏക്കറിലേറെ സ്ഥലത്ത് നെല്‍ കൃഷി ചെയ്യുന്നുണ്ടായിരുന്നു. ഒരുമണിക്കൂറിലേറെ വയലിലൂടെ കൃഷി നോക്കി നടക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തൊട്ടടുത്തുണ്ടായവര്‍ ഓടിയെത്തി ജോയപ്പനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
മുതുകിലും കാലിലും കൈയ്യിലുമെല്ലാം പൊള്ളലേറ്റ പാടുകളുണ്ട്. സൂര്യാഘാതമേറ്റ് പൊള്ളിയ നിലയിലായിരുന്നു ശരീരം. ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോയപ്പന് മറ്റ് അസുഖങ്ങളൊന്നും ഉണ്ടായില്ലെന്നും സൂര്യാഘാതം തന്നെയായിരിക്കാം മരണ കാരണമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ച മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നാളെ നടക്കും.
