വയനാട്: കവുങ്ങുകള്‍ക്ക് പലവിധ രോഗങ്ങള്‍ ബാധിക്കുന്നതിനാല്‍ വയനാട്ടിലെ കര്‍ഷകര്‍ കവുങ്ങ് കൃഷി ഉപേക്ഷിക്കുന്നു. വിളവ് കുറഞ്ഞ കവുങ്ങുകള്‍ വേരോടെ പിഴുതുമാറ്റി മുറിച്ചു വില്‍ക്കുകയാണിപ്പോള്‍ കര്‍ഷകര്‍. ഈ വര്‍ഷം മികച്ച വിലയാണ് അടക്കയ്ക്ക് ലഭിച്ചത്. എന്നാല്‍ വിളവ് തീര്‍ത്തും കുറവായിരുന്നു. 

കവുങ്ങുകള്‍ക്ക് ബാധിക്കുന്ന മഞ്ഞളിപ്പും മണ്ടചീയലുമാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അതിവേഗം പടരുകയാണ് മഞ്ഞളിപ്പ് രോഗം. ഇത് കാരണം തോട്ടങ്ങളില്‍ 15 വര്‍ഷമെങ്കിലും പിന്നിട്ട കവുങ്ങുകള്‍ കൂട്ടത്തോടെ നശിപ്പിക്കുകയാണ് കര്‍ഷകര്‍. 

കര്‍ണാടകയിലെ കൃഷിയിടങ്ങളിലേക്കും കോഴിക്കോട്, മലപ്പുറം തൃശൂര്‍ ജില്ലകളിലേക്കും തുച്ഛവിലക്കാണ് കവുങ്ങ് തടികള്‍ കയറ്റുന്നത്. കൂലിയും വിളവും ഒരുതരത്തിലും ഒത്തുപോകാത്തതുകാരണം കായ്ഫലം കുറഞ്ഞ കവുങ്ങുകള്‍ക്ക് പരിചരണം ഒഴിവാക്കുന്ന കര്‍ഷകരുമുണ്ട്.