ഇടുക്കി: കാര്‍ഷിക ഉല്പന്നങ്ങളായ ഏലം, കുരുമുളക്, തേയില തുടങ്ങിയ വിളകള്‍ നശിക്കുകയും ഇവയ്ക്ക് സര്‍ക്കാര്‍ അനുയോജ്യമായ വില നല്‍കാതെ വന്നതോടെ ഇടുക്കിയിലെ കര്‍ഷകര്‍ കടുത്ത സാമ്പത്തീക പ്രതിസന്ധിയിലായെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫിന്റെ ഭരണകാലത്ത് ക്യഷിനശിച്ചവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തീക സഹായം നല്‍കിയിരുന്നു. എന്നാല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും കര്‍ഷകരെ അവഗണിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം മൂന്നാറില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ജനകീയ വിചാരണ സമാപനയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കവെ പറഞ്ഞു. കസ്തൂരിരംഗന്‍, ഗാഡ്കില്‍ റിപ്പോര്‍ട്ടുകളാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കടുത്ത വെല്ലുവിളി ഉയര്‍ത്തിയത്. 

എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളെ മറികടക്കാന്‍ പഞ്ചായത്ത് പ്രസിഡന്റുമാരെയും മറ്റ് ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്രസാര്‍ക്കാരിന് കൈമാറി. അവസാനസമയത്ത് റിപ്പോര്‍ട്ട് ഫലം കണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. വനമേഖകളോട് ചേര്‍ന്നുകിടക്കുന്ന ഭാഗങ്ങളില്‍ താമസിക്കുന്ന കര്‍ഷകര്‍ വന്യമ്യഗങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയാണ്. ഇവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ സ ക്രിയാമായി ഇടപെടണം. സമ്മേളത്തില്‍ ഡീന്‍ കുര്യാക്കോസ്, ഇബ്രാഹീംകുട്ടി കല്ലാര്‍, എ.കെ മണി, റോയി. കെ. പൗലോസ്,എസ്. അശോകന്‍, ഷാബി പറമ്പില്‍, ബിജോ മാണി, ശ്രിമന്ദിരം ശശി, ജോയി തോമസ്, ഇ.എം. അഗസ്തി, ജി. മുനിയാണ്ടി, ഡി.കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മൂന്നാറില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ജനകീയ വിചാരണ സമാപനയാത്ര ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മന്‍ ചാണ്ടിയെ മാലയിട്ട് സ്വീകരിക്കുന്ന പ്രവര്‍ത്തക.