ഭോപ്പാല്‍: പൊലീസ് വെടിവെപ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട മധ്യപ്രദേശില്‍ കര്‍ഷകരുടെ പ്രക്ഷോഭം ആറ് ജില്ലകളിലേക്ക് വ്യാപിച്ചു. മാന്‍സോറില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം കാണാനെത്തിയ ജില്ലാ കലക്ടറെ നാട്ടുകാര്‍ വിരട്ടിയോടിച്ചു. രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ പ്രധാന മന്ത്രി നരേന്ദ്ര മോദി മുതിര!ന്ന മന്ത്രിമാരുടെ യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികള്‍ വിലയിരുത്തി. ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. വെടിവെയ്ക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നില്ല.

വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭം നടത്തിയ കര്‍ഷകര്‍ക്ക് നേരെയാണ് പൊലീസ് വെടിവെപ്പുണ്ടായത്. അഞ്ച് പേര്‍ മരിക്കുകയം നിരവധി പേര്‍ക്ക് പരിക്കല്‍ക്കുകയും ചെയ്തു. മൃതദേഹവുമായി സമരം തുടരുന്ന കര്‍ഷകരെ ആശ്വസിപ്പക്കാന്‍ എത്തിയപ്പോഴാണ് ജനങ്ങള് ജില്ലാ കലക്ടര്‍ സ്വതന്ത്ര സിംഗിനെ വിരട്ടിയോടിച്ചത്. നാളുകളായി സമരം തുടരുന്ന കര്‍ഷകരെ ജില്ലാ ഭരണകൂടം അവഗണിച്ചുവെന്നാരോപിച്ചയിരുന്നു പ്രതിഷേധം.

സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ജൂഡിഷ്യാല്‍ അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഒരു കോടി രൂപയും പരിക്കേറ്റവര്‍ക്ക് അഞ്ചു ലക്ഷം രൂപയും മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും കര്‍ഷക സംഘടനകള്‍ ഇത് അംഗീകരിച്ചിട്ടില്ല. കര്‍ഷകരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കാതെ പ്രക്ഷോഭം പിന്‍വലിക്കില്ലെന്ന നിലപാടിലാണിവര്‍. കര്‍ഷകരുടെ ഇടയില്‍ നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരാണ് വെടിവെയ്പ് നടത്തിയതെന്ന വാദത്തില്‍ ആഭ്യന്തരവകുപ്പ് ഉറച്ച് നില്‍ക്കുകയാണ്. ഇതിനിടെ സമരം ആറ് ജില്ലകളിലേക്ക് വ്യാപിച്ചു. പല സ്ഥലത്തും പൊലീസും സമരക്കാരുമായി സംഘര്‍ഷമുണ്ടായി. ഇന്‍ഡോര്‍, ഉജ്ജയിന്‍, ദേവാസ് എന്നിവടങ്ങളില്‍ ഇന്റര്‍നെറ്റ് മൊബൈല്‍ ഫോണ്‍ ബന്ധങ്ങള്‍ വിഛേദിച്ചിരിക്കുകയാണ്. കര്‍ഷകര്‍ക്ക് നേരെ നടത്തിയ വെടിവെയ്പില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു. വൈകിട്ട് മുതിര്‍ന്ന മന്ത്രിമാരുടെ യോഗംവിളിച്ചുകൂട്ടിയ അദ്ദേഹം എത്രയും വേഗം സമരം അവസാനിപ്പിക്കാന്‍ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.