ലോക് സംഘർഷ് മോർച്ച നടത്തുന്ന കർഷക മാർച്ചിനു ശിവസേന, കോൺഗ്രസ്, എൻസിപി പാർട്ടികളുടെ പിന്തുണ. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ്- എൻസിപി നേതാക്കൾ സമരനേതാക്കളെ കാണും.

മുംബൈ: ലോക് സംഘർഷ് മോർച്ച നടത്തുന്ന കർഷക മാർച്ചിന് ശിവസേന, കോൺഗ്രസ്, എൻസിപി പാർട്ടികളുടെ പിന്തുണ. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് എൻസിപി നേതാക്കൾ സമരനേതാക്കളെ കാണും. അനുനയ നീക്കവുമായി സർക്കാരും രംഗത്തെത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫട് നവസ് ഉച്ചയ്ക്ക് 1.30ന് ലോക് സംഘർഷ് മോർച്ച നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചു.

അതേസമയം, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, എംഎസ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലോക് സംഘർഷ് മോർച്ച മഹാരാഷ്ട്രയിൽ നടത്തുന്ന കർഷകമാർച്ച് ഇന്ന് മുംബൈയിലെ ആസാദ് മൈതാനിൽ എത്തും. ഇന്നലെ താനെയിൽ നിന്ന് ആരംഭിച്ച മാർച്ചിൽ 20,000 കർഷകരാണ് പങ്കെടുക്കുന്നത്. 

ഉച്ചയോടെ മുംബൈയിൽ എത്തുന്ന കർഷകർ പിന്നീട് മഹാരാഷ്ട്ര വിദാൻ സഭയിലേക്ക് മാർച്ച് നടത്തുമെന്നാണ് സംഘാടകർ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ അഖിലേന്ത്യാ കിസാൻ നടത്തിയ ലോങ് മാർച്ചിൽ മുന്നോട്ടുവെച്ച 13 ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചെങ്കിലും ഇതുവരെ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ലോക് സംഘർഷ് മോർച്ച കർഷക റാലിക്ക് തുടക്കമിട്ടിരിക്കുന്നത്.