പാവപ്പെട്ടവരോടുള്ള ബിജെപിയുടെ നയമാണ് തന്നെ ബിജെപിയിലേക്ക് ചേരുന്നതിന് പ്രേരിപ്പിച്ചതെന്ന് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ഹനീഫ് പറഞ്ഞു.

വിജയപൂർ: കശ്മീരിലെ പുൽവാമയിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികൻ ഔറംഗസേബിന്റെ പിതാവ് ബിജെപിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയിൽ വച്ചാണ് മുഹമ്മദ് ഹനീഫ് ബിജെപിയിൽ ചേർന്നതായി പ്രഖ്യാപിച്ചത്.

മുൻ ആർമി ഉദ്യോഗസ്ഥനായിരുന്ന ലെഫ്റ്റനന്‍റ് രാഖേഷ് കുമാർ ശർമ്മയ്ക്കൊപ്പാമാണ് ഹനീഫ് ബിജെപിയിൽ ചേർന്നത്. റാലിക്കിടെ വേദിയിലേക്ക് സ്വാഗതം ചെയ്ത പ്രധാനമന്ത്രിക്ക് ഹനീഫ് മകൻ ഔറംഗസേബിന്റെ ചിത്രം കൈമാറി. പാവപ്പെട്ടവരോടുള്ള ബിജെപിയുടെ നയമാണ് തന്നെ ബിജെപിയിലേക്ക് ചേരുന്നതിന് പ്രേരിപ്പിച്ചതെന്ന് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ ഹനീഫ് പറഞ്ഞു.

മുൻ സർക്കാരുകളെ അപേക്ഷിച്ച് പാവപ്പെട്ടവരെക്കുറിച്ച് ചിന്തിക്കുന്ന രാജ്യത്തെ ഏറ്റവും മികച്ച സർക്കാരാണ് മോദിയുടേതെന്നും ഹനീഫ് കൂട്ടിച്ചേർത്തു. ‌കഴിഞ്ഞ ജൂൺ 21നാണ് ഔറംഗസേബിനെ തീവ്രവാദികൾ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്.

ഈദ് ആഘോഷിക്കുന്നതിനായി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. കശ്മീർ റൈഫിള്‍ ബറ്റാലിയൻ സൈനികനായിരുന്നു ഔറംഗസേബ്. മരണാനന്തര ബഹുമതിയായി ഔറംഗസേബിനെ രാജ്യം ശൗര്യചക്ര അവാർഡ് നൽകി ആദരിച്ചു.