പറവൂര്‍: പറവൂർ പീഡനക്കേസിൽ പെൺകുട്ടിയുടെ അച്ഛന്‍റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. 14 കാരിയായ മകളെ ബലാത്സംഗം ചെയ്യുകയും നിരവധി പേര്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്തെന്ന കേസിലാണ് കോടതി ഉത്തരവ്.

പ്രമാദമായ പറവൂർ പീഡനക്കേസിൽ ഒന്നാം പ്രതിയായ പെൺകുട്ടിയുടെ അച്ഛന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി ശരിവെച്ചത്. നാൽപതോളം കേസുകളുള്ളതിൽ ആദ്യ കേസിലെ ശിക്ഷാവിധിക്കെതിരെ നൽകിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. ബലാത്സംഗം, ഭീഷണി അടക്കം പ്രതിക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങൾ ഹൈക്കോടതി ശരിവെച്ചു.

 2009 മെയ് മുതൽ 2011 ജനുവരി വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതി 14കാരിയായ മകളെ ബലാത്സംഗത്തിനിരയാക്കുകയും സംസ്ഥാനത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പലര്‍ക്കായി കാഴ്ചവയ്ക്കുകയും ചെയ്തെന്നാണ് കേസ്. 

ഭീഷണിപ്പെടുത്തിയും സഹോദരനെയടക്കം മർദ്ദിച്ചും പലയിടത്തായി കൊണ്ടുപോവുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. സംഘത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി പീഡനവിവരം ബന്ധുവിനോട് വെളിപ്പെടുത്തിയതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. കേസില്‍ എറണാകുളം ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണ ചുമതല.