താനെ: മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ മകള്‍ കത്തി ഉപയോഗിച്ച് കുത്തി. പിതാവിനെ മകള്‍ കുത്തിയ സംഭവം താനെയില്‍ ബുധനാഴ്ചയായിരുന്നു. രണ്ടു വര്‍ഷം മുമ്പ് മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് മുത്തശ്ശിക്കൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. മാതാവ് വേറെ വിവാഹം കഴിക്കകുയും രണ്ടു മാസം മുമ്പ് മുത്തശ്ശി മരിക്കുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി അച്ഛനൊപ്പം എസ്ആര്‍എ ഫ്‌ളാറ്റിലേക്ക് താമസം മാറിയത്.
പെണ്‍കുട്ടി നല്‍കിയ മൊഴി ഇങ്ങനെ, പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അരോ തന്നെ കെട്ടിപ്പിടിക്കുന്നത് പോലെ അനുഭവപ്പെട്ടത്. അതിന് ശേഷം കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതായി തോന്നി. ഞെട്ടിയുണര്‍ന്ന് ശക്തമായി പ്രതിരോധിച്ച് പിടിയില്‍ നിന്നും രക്ഷപ്പെട്ട് അടുക്കളയിലേക്ക് പാഞ്ഞു. രക്ഷയ്ക്കായി പരതിയപ്പോള്‍ കിട്ടിയത് കത്തിയായിരുന്നു. ഓടിയെത്തിയ പിതാവിന്റെ വയറ്റിലേക്ക് കത്തി കുത്തിയിറക്കി. ആദ്യം ഉണ്ടായ അമ്പരപ്പ് വിട്ടു മാറിയപ്പോള്‍ പോലീസിനെ വിളിച്ചു.
പിതാവ് തന്നെ കിടപ്പറയിലിട്ട് ബലാത്സംഗം ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ മാത്രമായിരുന്ന മുമ്പ് തന്‍റെ ശരീരത്തില്‍ പലപ്പോഴായി സ്പര്‍ശിച്ചിരുന്നതിന്റെ ഉദ്ദേശം വ്യക്തമായതെന്ന് പെണ്‍കുട്ടി പറയുന്നു. മനപ്പൂര്‍വ്വമല്ലെന്ന തോന്നല്‍ ഉളവാക്കി മുമ്പ് പലപ്പോഴും രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചപ്പോഴെല്ലാം ആകസ്മികം എന്ന് മാത്രമായിരുന്നു അവള്‍ വിചാരിച്ചിരുന്നത്.
മകളുടെ അപ്രതീക്ഷിത ആക്രമണത്തില്‍ പിതാവിന്‍റെ വയറ്റില്‍ ആഴത്തില്‍ മുറിവേറ്റു. കുത്തേറ്റ് അധികം താമസിയാതെ തന്നെ കുഴഞ്ഞുവീണപ്പോള്‍ ധൈര്യം സംഭരിച്ച് കൗമാരക്കാരി പോലീസിനെ വിളിക്കുകയായിരുന്നു. അവരെത്തി കുറ്റവാളിയെ ജെജെ ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പിതാവിനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്ത പോലീസ് ഇയാള്‍ ആശുപത്രി വിടുന്ന മുറയ്ക്ക് പിതാവിനെ അറസ്റ്റ് ചെയ്യും. ബലാത്സംഗം, ഭയപ്പെടുത്തല്‍, ശാരീരികപീഡനം, സ്ത്രീത്വത്തിന് നേരെയുള്ള കടന്നുകയറ്റം എന്നിവയെല്ലാം ചുമത്തിയിട്ടുണ്ട്.
