ഹൈദരാബാദ്: കൗമാരക്കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പിതാവിന് ഏഴുവര്‍ഷം കഠിന തടവ് ശിക്ഷ നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഹൈദരാബാദിനടുത്ത ഫലക്നൂമയിലെ അചിറെഡ്ഡി നഗറിലെ ഒമര്‍ ഖാനെ(55)യാണ് കോടതി ശിക്ഷിച്ചത്.

2005ലാണ് കേസിനാസ്‍പദമായ സംഭവം നടക്കുന്നത്. 15കാരിയായ മകളെ ഒമര്‍ ഖാന്‍ വീട്ടില്‍വച്ച് നിരവധി തവണ ബലാത്സംഗം ചെയ്‍തു. തുടര്‍ന്ന് കുട്ടി ഗര്‍ഭിണിയായപ്പോള്‍ സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി. കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന ക്രൂരത പുറംലോകം അറിയുന്നത്. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് പൊലീസ് ഇയാള്‍ക്കെതിരെയുള്ള കുറ്റം തെളിയച്ചത്. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് നാമ്പള്ളി കോടതി ജഡ്‍ജി ഒമര്‍ ഖാന് കഠിനതടവ് ശിക്ഷ വിധിച്ചത്.

കുട്ടിയുടെയും മാതാവിന്‍റെയും അപേക്ഷ പരിഗണിച്ച് ഡോക്ടര്‍മാര്‍ ഗര്‍ഭം അലസിപ്പിച്ചിരുന്നു. കുട്ടി ഇപ്പോള്‍ മാതാവിന്‍റെ ഒപ്പമാണ് താമസം.