തിരുവനന്തപുരം: ഫാത്തിമ ലൈബയുടെ ചെറു പുഞ്ചിരിക്ക് പിന്നില്‍ കേരള ജനതയുടെ മൊത്തം പ്രാര്‍ഥനയുണ്ട്. ഹൃദയ സംബന്ധമായ ഗുരുതരമായ അസുഖത്തെ തുടര്‍ന്ന് ശ്രീചിത്ര ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ഫാത്തിമ ലൈബാ ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്. 17 ദിവസത്തെ ആശുപത്രി വസത്തിന് ശേഷം ശനിയാഴ്ച്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ കുഞ്ഞും ബന്ധുക്കളും ഇപ്പോള്‍ ആര്‍.സി.സിക്ക് സമീപം ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഒരുക്കി നല്‍കിയ വീട്ടില്‍ താമസിക്കുകയാണ്. നാല് ദിവസം കൂടുമ്പോള്‍ കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ ആണ് നിര്‍ദേശിച്ചിരിക്കുന്നത്. നാളെ കുഞ്ഞിനെ ഡോക്ടറെ കാണിച്ച ശേഷം തുടര്‍ചികിത്സയുടെ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

നവംബര്‍ 16 നാണ് ട്രാഫിക്ക് സിനിമയെ ഓര്‍മ്മിപ്പിക്കുന്ന രംഗങ്ങള്‍ വീണ്ടും മലയാളികള്‍ കണ്ടത്. 60 ദിവസം മാത്രം പ്രായമായ ഫാത്തിമ ലൈബ എന്ന കുഞ്ഞ് ജീവനുമായി ആറേക്കാല്‍ മണിക്കൂര്‍ കൊണ്ട് പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ആംബുലന്‍സ് പറന്നെത്തിയത്. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം, കേരള ആംബുലസന്‍ ഡ്രൈവേഴ്സ് ആന്റ് ടെക്ക്‌നീഷ്യന്‍സ് യൂണിയന്‍ എന്നീ സംഘടനകളുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് അന്ന് ആംബുലന്‍സ് കടന്നുപോകാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ചെയ്ത് നല്‍കിയിരുന്നത്. കുഞ്ഞിന്റെ ചികിത്സാ ചിലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്തതായി മുഖ്യമന്ത്രിയും അറിയിച്ചിരുന്നു.