ഇസ്‌ലാമാബാദ്: ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ ഒന്നും ചെയ്യുന്നില്ലെന്ന അമേരിക്കയുടെ ആരോപണം കേട്ടപ്പോള്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടതു പോലെയാണ് തോന്നിയതെന്ന് പാക്കിസ്ഥാൻ സൈനിക മേധാവി. അമേരിക്കന്‍ സേനയുടെ സെന്‍ട്രല്‍ കമാന്റ് മേധാവി ജനറല്‍ ജോസഫ് വോള്‍ട്ടറുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് ട്രംപിന്റെ പ്രസ്താവനയോട് പാകിസ്ഥാന്‍ സൈനിക മേധാവി പ്രതികരിച്ചത്. തീവ്രവാദ ശക്തികള്‍ക്ക് പാക്കിസ്ഥാൻ സംരക്ഷണം നൽകുന്നുവെന്നായിരുന്നു അമേരിക്കയുടെ ആരോപണം.

താലിബാനും ഹഖാനി ശൃംഖലയും ചേർന്നാണ് അമേരിക്കന്‍ സേനയ്ക്കെതിരെ അഫ്ഗാനിസ്ഥാനില്‍ ആക്രമണം നടത്തിയത്. ഇവര്‍ക്ക് പാകിസ്ഥാന്‍ സംരക്ഷണം നല്‍കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. പാക്കിസ്ഥാനുള്ള 200 കോടി ഡോളറിന്റെ സഹായം അമേരിക്ക മരവിപ്പിച്ചിരുന്നു. ട്രംപിന്റെ ആരോപണങ്ങള്‍ നിഷേധിച്ച പാകിസ്ഥാന്‍ തങ്ങള്‍ അപമാനിക്കപ്പെടുകയാണെന്നായിരുന്നു അന്ന് പ്രതികരിച്ചത്. അതേസമയം പാക്കിസ്ഥാന്റെ പ്രതികരണത്തെക്കുറിച്ച് യു.എസ് സെൻട്രൽ കമാൻഡ് മൗനം പാലിക്കുകയാണ്. പാക്കിസ്ഥാനുമായി ചർച്ചകൾ നടത്തിവരുന്നതായി അമേരിക്കന്‍ സൈന്യവും അറിയിച്ചു.