കോഴിക്കോട് ചങ്ങരോത്ത് പകർച്ചപ്പനി ആരോഗ്യ മന്ത്രി അടിയന്തര യോഗം വിളിച്ചു
കോഴിക്കോട്: കോഴിക്കോട് ചങ്ങരോത്ത് പകർച്ചപ്പനിയുടെ ലക്ഷണങ്ങുമായി ചികിത്സ തേടിയ മൂന്ന് പേര്‍ മരിച്ച സംഭവത്തി ല്‍ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അടിയന്തര യോഗം വിളിച്ചു. രാത്രി 8 മണിക്ക് കോഴിക്കോട് ഗസ്റ്റ്ഹൗസിലാണ് യോഗം. ശേഷം മന്ത്രി മാധ്യമങ്ങളെ കാണും.
മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. ആരോഗ്യ വകുപ്പ് അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ച പ്രദേശത്തെ 15 വീടുകള്‍ ഒഴിപ്പിച്ചു. രണ്ടാഴ്ചക്കുള്ളിലാണ് മൂന്ന് മരണം നടന്നത്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലുള്ളവരാണ്. ചങ്ങരോത്ത് വളച്ചുകെട്ടി വീട്ടിൽ മുഹമ്മദ് സാലിഹ്, സഹോദരൻ സാബിത്ത്, ഇവരുടെ ബന്ധു മറിയം എന്നിവരാണ് മരിച്ചത്. പനി മൂര്‍ച്ഛിച്ചതിനൊപ്പം തലച്ചോറിൽ അണുബാധയുമുണ്ടായി. രോഗനിര്‍ണ്ണയം ഇനിയും കൃത്യമായി നടത്താനായിട്ടില്ല.
പ്രദേശത്ത് നൂറോളം പേർക്ക് പനി ബാധിച്ചിട്ടുണ്ട്. ഇവരുടെ രക്ത സാമ്പിളുകൾ മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് അയച്ചു. പരിശോധനാഫലം വന്നതിന് ശേഷമേ എന്ത് മരുന്ന് നല്‍കണമെന്ന് പോലും തീരുമാനിക്കാനാകൂയെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. രോഗം ബാധിച്ച് വരുന്നവര്‍ക്ക് ഇപ്പോള്‍ പാരസെറ്റമോള്‍ ഗുളിക മാത്രമാണ് നല്‍കുന്നത്. മരണം നടന്ന വീടിന്‍റെ സമീപമുള്ള പതിനഞ്ച് വീട്ടുകാരെ അടിയന്തരസാഹചര്യം പരിഗണിച്ച് മാറ്റിപാര്‍പ്പിച്ചു.
അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച പ്രദേശത്ത് ആരോഗ്യവകുപ്പ് മെഡിക്കല്‍ ക്യാമ്പ് തുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളജാശുപത്രി, പേരാന്പ്ര താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പ്രത്യേക വാർഡുകൾ തുറന്നു. സ്വാകാര്യ ആശപത്രികളിലും പനി ബാധിതര്‍ ചികിത്സ തേടിയിട്ടുണ്ട്.
