ആദ്യ പകുതി ഗോള്‍രഹിതം

മോസ്‌കോ: ലോകകപ്പില്‍ തുടരെതുടരെ ബ്രസീലിയന്‍ വെടിയൊച്ചകളും ഇടയ്ക്കിടയ്ക്ക് കോസ്റ്റാറിക്കയുടെ പ്രത്യാക്രമണങ്ങളും കണ്ട മത്സരത്തില്‍ ആദ്യപകുതി ഗോള്‍രഹിതം. ജീസസ് 26-ാം മിനുറ്റില്‍ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചത് ബ്രസീലിന് കനത്ത തിരിച്ചടിയായി. ബ്രസീല്‍ നിരവധി അവസരങ്ങള്‍ പാഴായെങ്കിലും ആവേശപൂര്‍വ്വമായിരുന്നു സെയ്ന്‍റ് പീറ്റേഴ്സ്ബര്‍ഗിലെ ആദ്യ പകുതി.

സെയ്ന്‍റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേഡിയത്തില്‍ കാനറിക്കിളികളുടെ ചിറകടിയോടെയാണ് മത്സരം തുടങ്ങിയത്. നാലാം മിനുറ്റില്‍ കുടീഞ്ഞോയുടെ തകര്‍പ്പന്‍ ഷോട്ട് ബാറിനെ തൊട്ടുരുമി കടന്നുപോയി. ഒമ്പതാം മിനുറ്റില്‍ ജീസസിനെ ഗുസ്മാന്‍ വീഴ്‌ത്തിയതിന് ബ്രസീലിന് ലഭിച്ച ഫ്രീകിക്ക് നെയ്‌മര്‍ക്ക് വലയിലെത്തിക്കാനായില്ല. എന്നാല്‍ 13-ാം മിനുറ്റില്‍ ബ്രസീലിയന്‍ ആരാധകരുടെ ശ്വാസം നിലപ്പിച്ച് കോസ്റ്റാറിക്കന്‍ മുന്നേറ്റം. ഫിനിഷിംഗില്‍ ബോര്‍ജസിന് പിഴച്ചതോടെ ബ്രസീലിന് ശ്വാസം വീണു. 

16-ാം മിനുറ്റില്‍ വീണ്ടും ഗുസ്മാന്‍ വില്ലനായപ്പോള്‍ നെയ്മര്‍ നിലത്തുവീണു. എന്നാല്‍ വീണ്ടുമൊരിക്കല്‍ കൂടി നെയ്മറുടെ ഫ്രീകിക്കിന് ബാറിലേക്ക് അനുമതി ലഭിച്ചില്ല. 19-ാം മിനുറ്റില്‍ മറ്റൊരു പെനാള്‍ട്ടി നവാസിന്‍റെ സുരക്ഷിതകൈകളില്‍ അവസാനിച്ചു. 26-ാം മിനുറ്റില്‍ മാര്‍സലോയുടെ സുന്ദരന്‍ പാസില്‍ നിന്ന് ജീസസ് വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നാലെ കോസ്റ്റാറിക്ക ബ്രസീലിന്‍ പ്രതിരോധത്തെ പരീക്ഷിച്ചു. 

എന്നാല്‍ ബോക്സിന് പുറത്തുനിന്ന് മാര്‍സലോയും കുടീഞ്ഞോയും തൊടുത്ത ബുള്ളറ്റുകള്‍ക്ക് കോസ്റ്റാറിക്കന്‍ ഗോള്‍മുഖത്ത് ഭീതിവിതക്കാനായി. 34-ാം മിനുറ്റില്‍ വില്യാന്‍റെ ഗോള്‍ ശ്രമവും പാളി. എന്നാല്‍ 40-ാം മിനുറ്റില്‍ മാര്‍സലോ നടത്തിയ കൗശലം നവാസിന്‍റെ കൈകളിലൊതുങ്ങി. അധികസമയത്ത് കോസ്റ്റാറിക്കയ്ക്കായി ഗുസ്മാന്‍ എടുത്ത ഫ്രീകിക്കിനും വലയിലിടം ലഭിച്ചില്ല.