മെസി ലോകകപ്പുയര്‍ത്തുമോ എന്ന ആകാംഷയിലാണ് ആരാധകര്‍

മോസ്‌കോ: അര്‍ജന്‍റീനന്‍ ഇതിഹാസം ലിയോണല്‍ മെസി റഷ്യയില്‍ ലോകകപ്പുയര്‍ത്തുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. മുപ്പതുകാരനായ മെസിക്ക് ലോകകപ്പ് സ്വന്തമാക്കാനുള്ള അവസാന അവസരമാണ് റഷ്യയിലേത് എന്നാണ് വിലയിരുത്തലുകള്‍. ലോകകപ്പില്‍ അര്‍ജന്‍റീനന്‍ സാധ്യതകളെ കുറിച്ച് ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. 

ആരാധകരുടെയും ഫുട്ബോള്‍ വിദഗ്ധരുടെയും വിശകലനങ്ങള്‍ക്കിടെ പ്രതികരിച്ചിരിക്കുകയാണ് അര്‍ജന്‍റീനന്‍ ഫുട്ബോള്‍ അസോസിയേഷന്‍. എന്നാല്‍ അര്‍ജന്‍റീന ലോകകപ്പ് ഉയര്‍ത്തുമെന്ന് വിശ്വസിക്കുന്ന ആരാധകര്‍ക്ക് അത്ര സുഖകരമല്ല പ്രസിഡന്‍റ് ടാപ്പിയയുടെ വാക്കുകള്‍. ഇത്തവണത്തെ അര്‍ജന്‍റീനന ഫേവറേറ്റുകളല്ല എന്നത് തന്നെ ഇതിന് കാരണം.

റഷ്യയില്‍ സെമിവരെയെത്തുകയാണ് ടീം ലക്ഷ്യമിടുന്നതെന്ന് ടാപ്പിയ വ്യക്തമാക്കുന്നു. ക്രൊയേഷ്യ, ഐസ്‌ലന്‍ഡ്, നൈജീരിയ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് ഡിയിലാണ് ഇക്കുറി അര്‍ജന്‍റീന. ഗ്രൂപ്പ് ഘട്ടം കടന്നാലും അര്‍ജന്‍റീനയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. എങ്കിലും ബ്രസീലില്‍ കഴിഞ്ഞ തവണ ഫൈനലില്‍ ജര്‍മനിയോട് കൈവിട്ട കിരീടം നേടാനായാല്‍ അത് അര്‍ജന്‍റീനയ്ക്കും മെസിക്കും സുവര്‍ണ ഏടാകും.