പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയ്ക്ക് ഈ കളി മതിയാവില്ല

സെയ്‍ന്‍റ് പീറ്റേഴ്‌സ്ബര്‍ഗ്: പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയെ കാത്തിരിക്കുന്ന ഫ്രാന്‍സ് ലോകകപ്പ് നേടാന്‍ സാധ്യത കല്‍പിക്കുന്ന ടീമുകളില്‍ മുന്‍പന്തിയിലാണ്. ബാഴ്സലോണയിലേക്കുള്ള മെസ്സിയുടെ ക്ഷണം നിരസിച്ച അന്‍റോയിന്‍ ഗ്രീസ്മാനാണ് ഫ്രാന്‍സിന്‍റെ കുന്തമുന. 

ആരാധകരുടെ ആശങ്കകള്‍ക്കൊടുവില്‍ അവസാന പതിനാറിലേക്ക് മുന്നേറിയ അര്‍ജന്‍റീനക്ക് ഇനിയങ്ങോട്ട് നേരിടാനുള്ളത് വമ്പന്‍ ടീമുകളെയാണ്. ആദ്യ റൗണ്ടില്‍ തോല്‍വിയറിയാതെ സി ഗ്രൂപ്പ് ജേതാക്കളായ ഫ്രാന്‍സാണ് പ്രീ ക്വാര്‍ട്ടറില്‍ സാംപോളിയുടെ കുട്ടികളെ കാത്തിരിക്കുന്നത്. ലോക റാങ്കിംഗില്‍ അര്‍ജന്‍റീനയെക്കാള്‍ രണ്ട് സ്ഥാനം മാത്രം താഴെയായി ഏഴാമതാണ് ഫ്രാന്‍സ്. പല വാതുവപ്പുകാരും കിരീടം നേടാന്‍ അര്‍ജന്‍റീനയെക്കാള്‍ കൂടുതല്‍ സാധ്യത നല്‍കുന്നതും ഫ്രാന്‍സിനാണ്. പക്ഷെ ഗ്രൂപ്പ് ഘട്ടത്തില്‍ ഫ്രഞ്ച് യുവനിരയുടെ കളി അത്ര മികച്ചതൊന്നുമായിരുന്നില്ല. എങ്കിലും അര്‍ജന്റീനയെപ്പോലെ നിരങ്ങിയല്ല അവര്‍ പ്രീ ക്വാര്‍ട്ടറിനെത്തുന്നത്. ലിയോണല്‍ മെസി തന്നെ പരസ്യമായി ക്ഷണിച്ചിട്ടും ബാഴ്സലോണയിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ച അന്‍റോയിന്‍ ഗ്രീസ്മാനെ മുന്‍നിര്‍ത്തിയാണ് ഫ്രഞ്ച് പടയുടെ കുതിപ്പ്. 

ടെലിവിഷഷന്‍‍ പരിപാടിയിലൂടെ അത്ലറ്റികോ മാഡ്രിഡില്‍ തുടരുമെന്ന് പ്രഖ്യാപിച്ച ഗ്രീസ്മാന്‍ ബാഴ്സയെ അപമാനിക്കുകയായിരുന്നുവെന്ന വികാരം ക്ലബിനുണ്ട്. അതുകൊണ്ടതുന്നെ ലിയോണല്‍ മെസിക്ക് പലതിനും മറുപടി നല്‍കാനുണ്ടാകും. പക്ഷെ പോഗ്ബയും എംബാപ്പെയുമൊക്കെയുണ്ട് അപ്പുറത്ത് ഗ്രീസ്മാന് കൂട്ടായി. അര്‍ജന്‍റീനയെ തകര്‍ത്ത ക്രൊയേഷ്യയേക്കാള്‍ മികവുണ്ട് മിക്ക മേഖലകളിലും ഫ്രാന്‍സിന്. പക്ഷെ ലോകകപ്പില്‍ ഇതുവരെ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഫ്രാന്‍സിനായിട്ടില്ല. 1978ല്‍ മിഷേല്‍ പ്ലാറ്റിനിയുടെ ഫ്രാന്‍സിനെ ഗ്രൂപ്പ് ഘട്ടത്തില്‍ വീഴ്ത്തിയ അര്‍ജന്‍റൈന്‍ ‍മുന്നേറ്റം കിരീടനേട്ടത്തോടെയാണ് അവസാനിച്ചതും. ചരിത്രം പ്രചോദനം നല്‍കുന്നതാണെങ്കിലും അത് മാത്രം പോര മെസിപ്പടക്ക് ഇക്കുറി. ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ രക്ഷിക്കാന്‍ മിശിഹായ്ക്കും കഴിഞ്ഞെന്ന് വരില്ല.