ബെല്‍ജിയം 3-1ന്‍റെ ലീഡുമായി ഇടവേളയ്ക്ക് പിരിഞ്ഞു

മോസ്‌കോ: ലോകകപ്പില്‍ ടുണീഷ്യക്കെതിരെ ആദ്യ പകുതിയില്‍ ബെല്‍ജിയം മുന്നില്‍‍. ആദ്യ 20 മിനുറ്റിനുള്ളില്‍ തന്നെ മൂന്ന് ഗോളുകള്‍ വീണ മത്സരത്തില്‍ 3-1നാണ് ബെല്‍ജിയം ലീഡ് ചെയ്യുന്നത്. ബെല്‍ജിത്തിനായി സൂപ്പര്‍താരങ്ങളായ ഹസാര്‍ഡും ലുക്കാക്കുവും വലകുലുക്കിയപ്പോള്‍ ടുണീഷ്യയുടെ ഏക മറുപടി ബ്രോണിലൂടെയായിരുന്നു.

മത്സരത്തിന് കിക്കോഫായി ആറാം മിനുറ്റില്‍ തന്നെ ബെല്‍ജിയം മുന്നിലെത്തി. അഞ്ചാം മിനുറ്റില്‍ മാര്‍ട്ടെന്‍സിനെ ബോക്സില്‍ ടുണീഷ്യന്‍ പ്രതിരോധതാരം ബെന്‍ യൂസഫ് വീഴ്ത്തിയതിന് റഫറി പെനാള്‍ട്ടി അനുവദിച്ചു. കിക്കെടുത്ത സ്‌ട്രൈക്കര്‍ ഹസാര്‍ഡിന് വലയിലേക്കുള്ള പ്രവേശനം അനായാസമായിരുന്നു. ഗോളിയെ കബളിപ്പിച്ച് പന്ത് താഴ്ന്ന് പറന്ന് ബാറിന്‍റെ ഇടത് മൂലയെ ചുമ്പിച്ചു.

ടുണീഷ്യക്ക് ഞെട്ടല്‍ മാറുംമുന്‍പ് 16-ാം മിനുറ്റില്‍ ലുക്കാക്കുവിന്‍റെ അടുത്ത പ്രഹരം. മെര്‍ട്ടന്‍സിന്‍റെ പാസില്‍ ലുക്കാക്കുവിന്‍റെ മിന്നല്‍വേഗവും ഫിനിഷിംഗും കളംനിറഞ്ഞപ്പോള്‍ ബെല്‍ജിയം രണ്ട് ഗോളിന് മുന്നിലെത്തി‍. എന്നാല്‍ രണ്ട് മിനുറ്റിന്‍റെ ഇടവേളയില്‍ ബെല്‍ജിയത്തെ വിറപ്പിച്ച് ടുണീഷ്യ ശക്തമായ മറുപടി നല്‍കി. ഖാസ്രിയെടുത്ത ഫ്രീകിക്കില്‍ നിന്ന് ബ്രോണ്‍ ഗോളിക്ക് കൈപ്പാടകലെയിലൂടെ വലകുലുക്കി.

എന്നാല്‍ 45 മിനുറ്റ് പൂര്‍ത്തിയായി 2-1ന് മത്സരം ഇടവേളയ്ക്ക് പിരിയും എന്ന് കരുതവെ ഇഞ്ചുറി ടൈമില്‍ ലുക്കാക്കുവിലൂടെ ബെല്‍ജിയം മൂന്നാം ഗോള്‍ നേടി. പ്രതിരോധതാരം മ്യൂനിയറുടെ തകര്‍പ്പന്‍ പാസില്‍ കാലുകളില്‍ പന്ത് ചൂണ്ടിയെടുത്ത് ലുക്കാക്കു കുതിച്ചപ്പോള്‍ ബെല്‍ജിയം 3-1ന്‍റെ ലീഡുമായി ഇടവേളയ്ക്ക് പിരിഞ്ഞു.