ബ്രസീല്‍- കോസ്റ്റാറിക്ക പോരാട്ടം വൈകിട്ട് 5.30ന്

മോസ്കോ: ലോകകപ്പിലെ ആദ്യ ജയം തേടി ബ്രസീല്‍ ഇന്ന് കോസ്റ്റാറിക്കയ്ക്കെതിരെ. സൂപ്പര്‍ താരം നെയ്മര്‍ ബ്രസീലിന്‍റെ ആദ്യ ഇലവനിലുണ്ടാകും. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചരക്കാണ് മത്സരം. ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് സമനില വഴങ്ങിയാണ് ബ്രസീല്‍ രണ്ടാം മത്സരത്തിനെത്തുന്നത്. ബ്രസീലിന്‍റെ മുന്നോട്ടുള്ള കുതിപ്പിന് കോസ്റ്റാറിക്കയ്ക്കെതിരെ ജയം അനിവാര്യമാണ്. 

അതേസമയം കോസ്റ്റാറിക്ക ആദ്യ മത്സരത്തില്‍ സെര്‍ബിയയോട് ഒരു ഗോളിന് തോല്‍വി വഴങ്ങിയിരുന്നു. കോസ്റ്റാറിക്കയ്ക്കെതിരായ മികച്ച റെക്കോര്‍ഡാണ് മത്സരത്തിനിറങ്ങുമ്പോള്‍ ബ്രസീലിന്‍റെ കൈമുതല്‍. നേരത്തെ 10 തവണ ഏറ്റുമുട്ടിയപ്പോള്‍ ബ്രസീല്‍ തോറ്റത് ഒരു തവണ മാത്രമാണ്. ലോകകപ്പില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ബ്രസീലിനായിരുന്നു. ഏറ്റവുമൊടുവില്‍ 2002ല്‍ 5-2ന് ബ്രസീല്‍ വിജയിച്ചു.

സ്വിറ്റ്സര്‍ലന്‍ഡിനെതിരെ മത്സരത്തില്‍ മാര്‍സലോയായിരുന്നു നായകനെങ്കില്‍ കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിനെ നയിച്ച തിയാഗോ സില്‍വയാണ് ഇന്ന് മഞ്ഞപ്പടയെ നയിക്കുക.