തോല്‍ക്കാതിരുന്നാല്‍ ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍
മോസ്കോ: ലോകകപ്പില് നോക്കൗട്ട് ലക്ഷ്യമിട്ട് മുൻ ചാംപ്യൻമാരായ ബ്രസീൽ ഇന്ന് സെർബിയയെ നേരിടും. തോൽക്കാതിരുന്നാൽ ബ്രസീലിന് രണ്ടാം റൗണ്ടിലേക്ക് മുന്നേറാം. രാത്രി പതിനൊന്നരക്കാണ് മത്സരം. നിലവില് ബ്രസീലിന് നാലും സെര്ബിയക്ക് മൂന്നും പോയിന്റുറുകളാണുള്ളത്. നാല് പോയിന്റുള്ള സ്വിറ്റ്സര്ലന്ഡിനും പ്രീക്വാര്ട്ടര് സാധ്യതയുണ്ട്.
ഇന്ന് സെർബിയയോട് ജയിച്ചാലും സമനില നേടിയാലും ബ്രസീൽ നോക്കൗട്ടിലെത്തും. എന്നാല് തോറ്റാല് കാര്യങ്ങൾ മാറി മറിയും. സെർബിയക്കപ്പോൾ ആറ് പോയിന്റാകും. പിന്നെ സ്വിസ് നിരയുടെ മത്സരഫലം ആശ്രയിച്ചാവും കാനറികളുടെ ഭാവി. കോസ്റ്ററിക്കയോട് സമനില കിട്ടിയാൽ സ്വിറ്റ്സർലൻഡ് ബ്രസീലിനെ മറികടക്കും. അപ്പോൾ ബ്രസീലിനിന്ന് ചെയ്യാനുളളത് തോൽക്കാതിരിക്കുക എന്ന ഒരൊറ്റക്കാര്യം മാത്രമാണ്.
നന്നായി കളിക്കുന്നെങ്കിലും ഗോളടിക്കാൻ മറക്കുന്നതാണ് ബ്രസീലിന്റെ കുഴപ്പം. 43 അവസരങ്ങൾ ഇതുവരെ തുറന്നു. ഗോളിലെത്തിയത് മൂന്നെണ്ണം മാത്രം. സ്ട്രൈക്കർമാരായ ജീസസും ഫിർമിനോയും ലക്ഷ്യം കണ്ടിട്ടില്ല. ടീമിലെ സ്ട്രൈക്കർമാർ ഗോളടിക്കാതെ ബ്രസീൽ ലോകകപ്പ് ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കിയത് 1974ൽ മാത്രമാണ്. നെയ്മറിനെ ഏക സ്ട്രൈക്കറാക്കിയുളള പദ്ധതികളാണ് ടിറ്റെയുടെ മനസ്സിൽ.
പരിശീലനത്തിലും അത് കണ്ടു. നായകന് സ്ഥാനത്ത് റൊട്ടേഷൻ നയം തുടരും. അമ്പതാം മത്സരം കളിക്കുന്ന മിരാൻഡ ആകും നായകൻ. 1966ന് ശേഷം ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീൽ പുറത്തായിട്ടില്ല. എന്നാല് ഇന്ന് നെയ്മറും ബ്രസീലും വീണാൽ അത് ചരിത്രത്തിലേക്കാവും.
