പോഗ്ബയുടെ ഫോമിലും ആശങ്ക രേഖപ്പെടുത്താതെ പരിശീലകന്‍

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ അതിശക്തമായ അക്രമനിരയുമായെത്തുന്ന ടീമാണ് ഫ്രാന്‍സ്. എന്നാല്‍ ലോകകപ്പിന് മുമ്പ് സ്‌ട്രൈക്കര്‍ ഒളിവര്‍ ജിറൗഡിന്‍റെ പരിക്കും മധ്യനിരതാരം പോള്‍ പോഗ്‌ബയുടെ ഫോമും ഫ്രാന്‍സിന് വെല്ലുവിളിയായിരുന്നു. മികച്ച ഫോമിലുള്ള ജിറൗഡിന് ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലോകകപ്പിന് നാല് ദിവസം മാത്രം ബാക്കിനില്‍ക്കേ ടീമിന് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

റഷ്യയ്ക്കെതിരെ ശനിയാഴ്ച്ച നടക്കുന്ന ആദ്യ മത്സരത്തിന് ജിറൗഡും പോഗ്‌ബയും സജ്ജരാണെന്ന് പരിശീലകന്‍ ദിദിയര്‍ വ്യക്തമാക്കി. ജിറൗഡിന്‍റെ പരിക്ക് പൂര്‍ണമായും ഭേദമായതാ‍യി ദിദിയര്‍ പറയുന്നു. അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ് ഫീല്‍ഡറായ പോഗ്ബ സീസണിലെ അവസാന മത്സരങ്ങളില്‍ അത്ര മികച്ച ഫോമിലായിരുന്നില്ല. ഇതോടെ പോഗ്ബ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുമോ എന്ന കാര്യത്തില്‍ തന്നെ സംശയങ്ങളുണ്ടായിരുന്നു. 

ഇരുവരും കളിക്കുമെന്നുറപ്പായതോടെ ഫ്രാന്‍സ് പൂര്‍ണ കരുത്തുമായാണ് ലോകകപ്പിനിറങ്ങുക. ജിറൗഡിനെ കൂടാതെ ഗ്രീസ്മാന്‍, ഡെംബലെ, എംബാപ്പേ എന്നിവരാണ് ഫ്രാന്‍സ് മുന്നേറ്റനിരയിലെ പ്രമുഖരായ താരങ്ങള്‍. ലോകകപ്പിന് മുന്നോടിയായുളള സന്നാഹമത്സരത്തില്‍ ഇറ്റലിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഫ്രാന്‍സ് പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ അവസാന സന്നാഹമത്സരത്തില്‍ യുഎസിനോട് ഒരു ഗോളിന് ഫ്രാന്‍സ് സമനില വഴങ്ങിയിരുന്നു.