മെസിയെ കുറിച്ച് റോബര്‍ട്ടോ കാര്‍ലോസ് പറയുന്നു

മോസ്‌കോ: ലിയോണല്‍ മെസിയെന്ന 21-ാം നൂറ്റാണ്ടിലെ ഫുട്ബോള്‍ മജീഷ്യന് സ്വന്തമാക്കാന്‍ കഴിയാതെ പോയ വലിയ കിരീടനേട്ടങ്ങളിലൊന്ന് ഫുട്ബോളിന്‍റെ വിശ്വകിരീടമാണ്. ബ്രസീലില്‍ കഴിഞ്ഞ ഫൈനലില്‍ ജര്‍മനിയോട് പരാജയപ്പെട്ട് മടങ്ങാനായിരുന്നു മെസിയുടെ അര്‍ജന്‍റീനയുടെ വിധി. റഷ്യയിലേക്കെത്തുമ്പോള്‍ കിരീടത്തോടെ കരിയര്‍ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്‌സലോണയുടെ ഇതിഹാസ താരം. എന്നാല്‍ പ്രവചനങ്ങള്‍ക്കപ്പുറം അത്ഭുതങ്ങള്‍ സംഭവിക്കാതെ അര്‍ജന്‍റീനന്‍ ജഴ്‌‌സിയില്‍ മെസിക്ക് ഇക്കുറി കപ്പുയര്‍ത്താന്‍ കഴിയില്ലെന്നുറപ്പ്.

എന്നാല്‍ മെസി ബ്രസീലിയന്‍ ടീമില്‍ ആയിരുന്നെങ്കില്‍ ഇതിനകം കിരീടം ഉയര്‍ത്തുമായിരുന്നെന്ന് പറഞ്ഞിരിക്കുകയാണ് ഇതിഹാസ താരം റോബര്‍ട്ടോ കാര്‍ലോസ്. 2002 ലോകകപ്പ് നേടിയ ബ്രസീലിയന്‍ ടീമില്‍ അംഗമായിരുന്നു കാര്‍ലോസ്. മെസി, നെയ്‌മര്‍, റൊണാള്‍ഡോ എന്നിവരില്‍ ആര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനാണ് താല്‍പര്യപ്പെടുന്നത് എന്ന ചോദ്യത്തിന് അമ്പരപ്പിക്കുന്ന മറുപടിയായിരുന്നു മുന്‍ റയല്‍ താരത്തിന്‍റേത്. പോര്‍ച്ചുഗല്‍ താരവും റയല്‍ സ്‌ട്രൈക്കറുമായ റൊണാള്‍ഡോയെയാണ് താന്‍ തെരഞ്ഞെടുക്കുക എന്നാണ് എക്കാലത്തെയും മികച്ച ലെഫ്റ്റ് ബാക്കിന്‍റെ മറുപടി.

2013ലെ യൂറോ കപ്പ് ഉയര്‍ത്തിയതിന്‍റെ ആത്മവിശ്വാസത്തില്‍ ലോകകപ്പില്‍ അത്ഭുതം കാട്ടാമെന്ന പ്രതീക്ഷയിലാണ് പോര്‍ച്ചുഗല്‍ ഇക്കുറി ഇറങ്ങുന്നത്‍. യൂറോയിലെ വിജയശില്‍പിയായ 33കാരന്‍ റൊണാള്‍ഡോ തന്നെയാണ് റഷ്യയില്‍ പോര്‍ച്ചുഗല്‍ ടീമിന്‍റെ അടിത്തറ. അതേസമയം മെസി യുഗം പിറന്നതിന് ശേഷം ബ്രസീലിനും ലോകകപ്പ് കിരീടമുയര്‍ത്താനായിട്ടില്ല എന്നതാണ് വസ്തുത. 2005ലായിരുന്നു മെസിയുടെ രാജ്യാന്തര അരങ്ങേറ്റം. 2006, 2010 ലോകകപ്പില്‍ ക്വാര്‍ട്ടറിലും 2014ല്‍ നാലാം സ്ഥാനത്തുമായിരുന്നു കാനറികള്‍.