ലോകകപ്പിന്‍റെ പ്രധാന വേദികളില്‍ ഒന്നാണ് കസാൻ അരീന
കസാന്: ആധുനിക റഷ്യയുടെ കായിക തലസ്ഥാനമാണ് കസാന് നഗരം. ലോകകപ്പിന്റെ പ്രധാന വേദികളില് ഒന്നായ കസാൻ അരീന സ്റ്റേഡിയം റഷ്യൻ വാസ്തുകലയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. വോൾഗയുടെ കരയിൽ സമാരയ്ക്കും നിഷ്നി നൊവോഗാർഡിനും ഇടയിലാണ് റഷ്യൻ നഗരങ്ങളിൽ വലുപ്പത്തിൽ മൂന്നാം സ്ഥാനമുള്ള കസാൻ സ്ഥിതി ചെയ്യുന്നത്.
ബൾഗേറിയൻ വംശജർ സ്ഥാപിച്ചതെന്ന് കരുതുന്ന ഈ നഗരത്തിന് നിരവധി സാമ്രാജ്യങ്ങളുടെ തേരോട്ടത്തിന്റെ ചരിത്രമുണ്ട്. 2013-ൽ ബ്രിട്ടീഷ് നിർമ്മാണ കമ്പനി പോപ്പുലസ് പണികഴിപ്പിച്ച കസാൻ അരീന യൂറോപ്പിൽ തന്നെ സ്റ്റേഡിയത്തിന് പുറത്ത് ഏറ്റവും വലിയ സ്ക്രീൻ ഉള്ള സ്റ്റേഡിയമാണ്. അതിലേറെ റഷ്യൻ വാസ്തുകലയുടെ സൗന്ദര്യമാണ് കസാൻ അരീനയെ മറ്റ് സ്റ്റേഡിയങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
റൂബിൻ കസാൻ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ ഇവിടം ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ്, കോൺഫെഡറേഷൻ കപ്പ് എന്നിവയടക്കം നിരവധി മത്സരങ്ങൾക്ക് വേദിയായി. 45,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ ക്വാർട്ടർ അടക്കം ആറ് കളികളാണ് നടക്കുന്നത്. ഫ്രാൻസ്, ഓസ്ട്രേലിയ, ഇറാൻ, സ്പെയിൻ, ജർമനി, കൊറിയ, പോളണ്ട്, കൊളംബിയ തുടങ്ങിയവർ കസാനിൽ പോരിനിറങ്ങും.
