എംബാപ്പെയുടെ ഗോളാഘോഷത്തിന് പിന്നിലൊരു കഥയുണ്ട്
മോസ്‌കോ: ഗോൾ നേട്ടം ആഘോഷിക്കുന്നതിൽ ഓരോ താരങ്ങളും എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരാറുണ്ട്. ലോകകപ്പില്‍ പെറുവിനെതിരെ ഗോൾ നേടിയ ഫ്രഞ്ച് പടയിലെ 19 വയസ് മാത്രമുള്ള ഇളയവന്‍ എംബാപ്പെയുടെ ഗോളാഘോഷത്തിന് പിന്നിലൊരു കഥയുണ്ട്.
അനിയനുമായി ഫുട്ബോൾ വീഡിയോ ഗെയിം കളിക്കുന്ന ശീലമുണ്ടായിരുന്നു കുഞ്ഞ് എംബാപ്പെയ്ക്ക്. കളത്തിൽ വീരനെങ്കിലും വീഡിയോ ഗെയിമിൽ പക്ഷെ ഗോൾ വാങ്ങിക്കൂട്ടാനായിരുന്നു എംബാപ്പെയുടെ വിധി. പരാജിതനായി നിൽക്കുമ്പോൾ അനിയൻ മുന്നിൽ കൈകെട്ടി തലയുയർത്തി നിൽക്കും. കളത്തിലെ താരമായി വളർന്നപ്പോൾ എംബാപ്പെ എതിരാളികളെ ഒന്നൊന്നായി ഗോളടിച്ച് തോൽപിച്ചു. ഗോളടിച്ച് കഴിഞ്ഞാൽ ഇതേപോലെ നിൽക്കും. അനിയനുള്ള മധുര മറുപടി.
സ്പെയിനെതിരെ ഗോൾ നേടിയ ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ കാട്ടിയ ഈ ആംഗ്യം ചർച്ചയായിരുന്നു. മാഗസിൻ കവർ ഫോട്ടോയിൽ ആടിനൊപ്പം നിന്ന മെസിക്കുള്ള മറുപടിയായിരുന്നത്രേ അത്. ഗോളടിച്ചാൽ മൊട്ടയടിക്കുമെന്ന് പന്തയംവച്ച അച്ഛനുള്ള മറുപടിയായിരുന്നു ബെൽജിയം താരം മെർട്ടൻസിന്‍റെ ഗോളാഘോഷം. കഴിഞ്ഞ ലോകകപ്പിന് ശേഷം അച്ഛന്‍റെ മീശ വടിപ്പിച്ച ആളാണ് മെർട്ടൻസ്. പന്തിനെ ജഴ്സിക്കുള്ളിലാക്കി ഉറുഗ്വെയ് താരം സുവാരസ് പറയാതെ പറഞ്ഞത് താൻ വീണ്ടും അച്ഛനായി എന്നായിരുന്നു.
