റഫറിമാര്‍ കരുതിയിരിക്കണം; നെയ്മറെ കടന്നാക്രമിച്ച് മെക്സിക്കോ
മോസ്കോ: ലോകകപ്പില് ബ്രസീലിനെതിരായ പ്രീ ക്വാര്ട്ടര് മത്സരത്തിന് മുന്പ് നെയ്മറെ കടന്നാക്രമിച്ച് മെക്സിക്കോ. തുടര്ച്ചയായി ഫൗളുകള് അഭിനയിക്കുന്ന നെയ്മറെ റഫറിമാര് കൃത്യമായി നിരീക്ഷിക്കണമെന്ന് മെക്സിക്കോ ആവശ്യപ്പെട്ടു. നിർണായക മത്സരത്തിന് മുന്പ് ബ്രസീലിയന് സൂപ്പർതാരത്തെ സമ്മർദത്തിലാക്കുകയാണ് മെക്സിക്കോ.
നെയ്മര് ഫൗളുകൾ പെരുപ്പിച്ച് കാട്ടുകയാണെന്നാണ് മെക്സിക്കൻ താരം ആന്ദ്രേ ഗ്വാർദാദോ പറയുന്നത്. ചെറിയ ഫൗളുകളോട് പോലും അമിതമായി പ്രതികരിച്ച് നെയ്മർ ഗ്രൗണ്ടിൽ വീഴുകയാണെന്നാണ് ആരോപണം. നെയ്മർ കളിക്കുന്ന ശൈലിയായിരിക്കാമിത്. മെക്സിക്കോയ്ക്ക് നെയ്മറെ നന്നായി അറിയാം. പക്ഷെ വിധികര്ത്താക്കള് ഞങ്ങളല്ല. അതുകൊണ്ടുതന്നെ ഫിഫയും, ഗ്രൗണ്ട് റഫറിയും, വീഡിയോ അസിസ്റ്റന്റ് റഫറിമാരും നെയ്മറെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗ്വാർദാദോ ആവശ്യപ്പെട്ടു.
ലോകകപ്പിൽ നെയ്മർ അനാവശ്യമായി ഗ്രൗണ്ടിൽ വീഴുകയാണെന്ന വിമർശനം തുടക്കം മുതലുണ്ട്. കോസ്റ്റാറിക്കയുമായുള്ള മത്സരത്തിനിടെ പെനാൽറ്റി ബോക്സിൽ വീണ നെയ്മറുടെ അഭിനയം വീഡിയോ അസിസ്റ്റന്റ് റഫറി കണ്ടെത്തുകയും ഫീൽഡ് റഫറി അനുവദിച്ച പെനാൽറ്റി റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാൽ അതുകൊണ്ടും നെയ്മർ നിർത്തിയില്ല. ഈ സാഹചര്യത്തിലാണ് മത്സരത്തിന് മുന്പ് തന്നെ നെയ്മറെ ലക്ഷ്യമിട്ട് മെക്സിക്കോ താരങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.
