മെസിയുടെയും തന്‍റെയും മേല്‍ക്കോയ്മ തകര്‍ക്കാന്‍ സലായ്ക്കാകുമെന്ന് റോണോ
മോസ്കോ: ഫുട്ബോളില് മെസി- ക്രിസ്റ്റ്യാനോ യുഗത്തിന് ശേഷം വരാനിരിക്കുന്നത് സലാ യുഗമോ. റഷ്യന് ലോകകപ്പില് ഈ ചോദ്യത്തിന് ഉത്തരമുണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്. ഈജിപ്ഷ്യന് താരം മുഹമ്മദ് സലാ അടുത്തകാലത്ത് പ്രകടിപ്പിക്കുന്ന മിന്നും ഫോമാണ് ആരാധകര്ക്ക് പ്രതീക്ഷ ജനിപ്പിക്കുന്നത്. എന്നാല് ലോകകപ്പിന് മുമ്പേ ഇക്കാര്യത്തില് പ്രവചനം നടത്തിയിരിക്കുകയാണ് പോര്ച്ചുഗലിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്ഡോ.
മെസിയെയും തന്നെയും മറികടന്ന് ലോക ഫുട്ബോളിലെ രാജാവാകാന് സലായ്ക്ക് കഴിയുമെന്ന് അഞ്ച് തവണ ബാലന് ഡി ഓര് പട്ടം നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ പറയുന്നു. മികച്ച പ്രകടനം പുറത്തെടുക്കുന്ന സലായ്ക്ക് ലോകകപ്പില് തിളങ്ങാനാകും. 2008 മുതല് മെസിയും ക്രിസ്റ്റ്യാനോയും അടക്കിവെച്ചിരിക്കുന്ന ബാലന് ഡി ഓറിന്റെ പുതിയ അവകാശി സലായാകുമെന്നും ക്രിസ്റ്റ്യാനോ പറയുന്നു. ലോകകപ്പില് സലാ മാജിക്കില് എതിരാളികളെ വിറപ്പിക്കാം എന്ന പ്രതിക്ഷയിലാണ് ഈജിപ്ത്.
സീസണില് ലിവര്പൂളിനായി 44 ഗോളുകളാണ് സലാ അടിച്ചുകൂട്ടിയത്. ചാമ്പ്യന്സ് ലീഗ് ഫൈനലില് സലായുടെ മികവില് ഫൈനലിലെത്തിയെങ്കിലും താരം പരിക്കേറ്റ് പുറത്തായതോടെ റയലിനോട് ലിവര്പൂള് കിരീടം കൈവിട്ടിരുന്നു. അതേസമയം ലോകകപ്പില് പോര്ച്ചുഗലിന് മികച്ച പ്രകടനം നടത്താന് കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ക്രിസ്റ്റ്യാനോ റൊണാള്ഡോ. വെള്ളിയാഴ്ച്ച കരുത്തരായ സ്പെയിനുമായാണ് പോര്ച്ചുഗലിന്റെ ആദ്യ മത്സരം.
