മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത് അത്ഭുതങ്ങള്‍

മോസ്‌കോ: ഇരുപത്തിയൊന്നാം ഫുട്ബോള്‍ ലോകകപ്പ് ഉദ്ഘാടനത്തിനായി മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയം ഒരുക്കിയിരിക്കുന്നത് അത്ഭുതങ്ങള്‍. പതിവുപോലെ ലളിതമെങ്കിലും വര്‍ണാഭമായ ഉദ്ഘാടനം ചടങ്ങാണ് നാല് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഫുട്ബോള്‍ മഹോത്സവത്തിന്‍റെ കിക്കോഫിന് മുന്നോടിയായി ഫിഫയോട് ചേര്‍ന്ന് റഷ്യ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മണിയോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാവും.

ഫുട്ബോള്‍ ലോകത്തെ പ്രതിനിധീകരിച്ച് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ വേദിയിലെത്തും. പെലെയുടെ അസാന്നിധ്യത്തില്‍ മറഡോണ അടക്കമുള്ള ലോക ഫുട്ബോളിലെ ഇതിഹാസക്കൂട്ടം ലുഷ്‌നിക്കി സ്റ്റേഡിയത്തിലെത്തുന്നുണ്ട്. ബ്രിട്ടീഷ് ഗായകന്‍ റോബി വില്ല്യംസ്, പ്രശസ്ത ഒപ്പേറ ഗായകന്‍ ഡിയഗോ ഫ്ലോറസ് എന്നിവര്‍ ചടങ്ങിന് കൊഴുപ്പേകും. ഉദ്ഘാടന ചടങ്ങിന് ശേഷം എട്ടരയ്ക്ക് റഷ്യ- സൗദി അറേബ്യ മത്സരത്തോടെ ലോകകപ്പിന് കിക്കോഫാകും.

സോണി ഇഎസ്പിഎന്നാണ് റഷ്യന്‍ ലോകകപ്പ് ഇന്ത്യയില്‍ തത്സമയം കാണിക്കാനുള്ള അവകാശം നേടിയിട്ടുള്ളത്. സോണിയുടെ സ്പോര്‍ട്സ് ചാനലുകളായ ടെന്‍ 1, ടെന്‍ 2. ടെന്‍ 3 എന്നിവയില്‍ മത്സരങ്ങള്‍ ലൈവ് കമന്‍ററിയോടെ കാണാം. ചരിത്രത്തിലാദ്യമായി ലോകകപ്പിന്‍റെ വിവരണം മലയാളത്തിലുമുണ്ടാകും.