സൗകര്യമൊരുക്കുന്നത് തലസ്ഥാനത്തെ മുന്‍നിര തീയേറ്ററായ ഏരീസ് പ്ലെക്സ്

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ 4കെ നിലവാരത്തില്‍ കാണാന്‍ പദ്ധതിയുമായി ഇന്‍ഡിവുഡ്. വ്യാഴാഴ്‌ച രാത്രി 8:30-ന് നടക്കുന്ന റഷ്യ- സൗദി അറേബ്യ ഉദ്‌ഘാടന മത്സരം തത്സമയം ഏരീസ് പ്ലെക്സിൽ പ്രദർശിപ്പിക്കും. ഡോള്‍ബി അറ്റ്മോസ്, 4കെ ശബ്‌ദ- ദൃശ്യ മികവാണ് ഇതിന്‍റെ പ്രധാന ആകര്‍ഷണം. കേരളത്തിൽ ആദ്യമായാണ് ഒരു തീയേറ്റർ ഫുട്ബോൾ മത്സരങ്ങൾ ആഗോളനിലവാരത്തിൽ ലൈവ് ആയി കാണിക്കുന്നത്. 

ഫുട്ബോളിനെ സ്നേഹിക്കുന്ന കേരളത്തിലെ ആരാധകർക്കുള്ള ഞങ്ങളുടെ സമ്മാനമാണ് ഇത്. ലോകകപ്പ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങൾ ആസ്വദിക്കണമെങ്കിൽ അതെ നിലവാരത്തിൽ കാണണം. ലോകനിലവാരത്തിൽ മത്സരങ്ങൾ കാണാൻ കഴിയുന്ന സംവിധാനം നമ്മുടെ സംസ്ഥാനത്ത് കുറവാണ്. അത് കൊണ്ടാണ് ഏരീസ് പ്ലെക്സിലൂടെ മത്സരങ്ങള്‍ കാണിക്കുന്നത് ഇൻഡിവുഡ് സ്ഥാപക ഡയറക്ടർ ആയ സോഹൻ റോയ് പറഞ്ഞു. 

സിനിമ പ്രദർശനത്തിന് തടസ്സം വരാത്ത രീതിയിലാണ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് ക്രമീകരിച്ചിരിക്കുന്നത്. ലോകകപ്പിലെ സുപ്രധാന മുപ്പതോളം മത്സരങ്ങൾ ഏരീസ് പ്ലെക്സിൽ സംപ്രേക്ഷണം ചെയ്യും. ബുക്ക് മൈ ഷോ, കൗണ്ടർ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.