തിരുവനന്തപുരം: ഒരു ശതമാനം സെസ് ചുമത്തുന്നതുകൊണ്ട് വൻ വിലക്കയറ്റമുണ്ടാകും എന്ന് പ്രചരിപ്പിക്കുന്നവ‍ർ കൃത്രിമ വിലക്കയറ്റത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്.  പ്രളയ സെസ് വിലക്കയറ്റം ഉണ്ടാക്കില്ലെന്നും മിക്ക ഉൽപ്പന്നങ്ങളുടേയും നികുതി യുഡിഎഫ് ഭരണകാലത്തേക്കാൾ കുറയുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സെസ് ചുമത്താനുള്ള തീരുമാനം ആകാശത്തുനിന്ന് പൊട്ടിവീണതല്ല. പ്രളയത്തിന് ശേഷം വിഭവസമാഹരണത്തിന് വഴിയുണ്ടായേ തീരൂ എന്ന സാഹചര്യം സംസ്ഥാനത്തുണ്ട്. ദീർഘകാലത്തെ ചർച്ചക്ക് ശേഷമാണ് ഒരു ശതമാനം സെസ് ചുമത്താൻ തീരുമാനിച്ചത്. പ്രകൃതിദുരന്തങ്ങൾ നേരിടുന്ന എല്ലാ സംസ്ഥാനങ്ങളും കേന്ദ്രാനുമതിയോടെ ഇത്തരത്തിൽ സെസ് ചുമത്താറുണ്ട്. ദേശീയ തലത്തിലുള്ള അംഗീകാരത്തിന് ശേഷമാണ് കേരളത്തിലും സെസ് ചുമത്താൻ തീരുമാനിച്ചത്. ഇതൊരു ശാശ്വതമായ നികുതിയല്ല. രണ്ട് വർഷത്തേക്ക് മാത്രം ഒരു ശതമാനം സെസ് ചുമത്താനാണ് ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകിയിരിക്കുന്നതെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

ടൂത്ത് പേസ്റ്റിന് മുമ്പ് പതിനാലര ശതമാനം വാറ്റ് നികുതിയും പതിനാറ് ശതമാനം എക്സൈസ് നികുതിയുമടക്കം മുപ്പതര ശതമാനം നികുതിയുണ്ടായിരുന്നു. ഇപ്പോൾ പന്ത്രണ്ട് ശതമാനം മാത്രമാണ് നികുതി. 28 ശതമാനം നികുതി നിരക്കുണ്ടായിരുന്ന മിക്ക ഉൽപ്പന്നങ്ങളുടേയും നികുതി കുറഞ്ഞിട്ടുണ്ട്. മിക്ക ഉൽപ്പന്നങ്ങളുടേയും നികുതിനിരക്ക് കുറയുകയാണ് ചെയ്തതെന്നും ധനമന്ത്രി പറഞ്ഞു. ഇത്രയും കുറച്ച നികുതി നിരക്കിൻമേലാണ് ഒരു ശതമാനം വ‍ർദ്ധനവുണ്ടായത്. ഇതുകൊണ്ട് വില വർദ്ധനവുണ്ടാകില്ലെ. പരമാവധി വിൽപ്പന വിലയക്ക് ഉള്ളിൽത്തന്നെ വ്യാപാരികൾക്ക് ഉൽപ്പന്നങ്ങൾ വിൽക്കാനാകുമെന്നും ധനമന്ത്രി പറഞ്ഞു.

സെസ് ചുമത്തിയത് വിലക്കയറ്റമുണ്ടാക്കുമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനത്തിനും ധനമന്ത്രി മറുപടി പറഞ്ഞു. കഴിഞ്ഞ ഇടത് സർക്കാർ സ്ഥാനമൊഴിയുമ്പോൾ പന്ത്രണ്ട് ശതമാനമായിരുന്നു വാറ്റ് നികുതി. യുഡിഎഫ് സ‍ർക്കാരിന് ഇടതുസർക്കാർ വീണ്ടും അധികാരമേൽക്കുമ്പോൾ വാറ്റ് നികുതി പതിനാലര ശതമാനമായി ഉയർത്തിയിരുന്നു. പ്രളയവും യാതൊരു പ്രശ്നങ്ങളും ഇല്ലാതിരുന്നിട്ടും രണ്ടുതവണയായി രണ്ടര ശതമാനം നികുതി യുഡിഎഫ് സർക്കാർ ഉയർത്തി. പെട്രോൾ നികുതി മൂന്ന് ശതമാനം ഉയ‍ർത്തി. ഇത് എന്തിനായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് പറയണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.