ഇരുപത് കോടി രൂപയിലധികം നികുതി കുടിശ്ശിക വരുത്തിയ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും പേരുകൾ ദിനപത്രങ്ങളിലും സർക്കാർ വെബ്സൈറ്റുകളിലും കഴിഞ്ഞ വർഷം മുതൽ ധനകാര്യ മന്ത്രാലയം പരസ്യപ്പെടുത്താൻ തുടങ്ങിയിരുന്നു. ഇതനുസരിച്ച് 67 നികുതിദായകരുടെ പേരുകളാണ് മന്ത്രാലയം പരസ്യപ്പെടുത്തിയത്. ഇതിന് ശേഷവും നികുതി വെട്ടിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വരാത്ത സാഹചര്യത്തിലാണ് ആദായ നികുതി വകുപ്പ് ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. നികുതി വെട്ടിക്കുന്നവർക്ക് ബാങ്ക് വഴി നൽകുന്ന പാചക വാതക സബ്സിഡി നിർത്തലാക്കുക, പാൻ കാർഡ് റദ്ദാക്കുക എന്നീ നിർദ്ദേശങ്ങളാണ് ആദായനികുതി വകുപ്പിന് മുന്നിലുള്ളത്.
നികുതിവെട്ടിപ്പുകാർക്ക് പൊതുമേഖല ബാങ്കുകളിൽ നിന്ന് വായ്പയും ഓവർ ഡ്രാഫ്റ്റും നൽകാതിരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും വകുപ്പ് ആലോചിക്കുന്നത്. ഈ സാന്പത്തിക വർഷം തന്നെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. വായ്പ, ക്രെഡിറ്റ് കാർഡ് എന്നിവ സംബന്ധിക്കുന്ന വിവരങ്ങൾ സൂക്ഷിക്കുന്ന ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോയുടെ സഹായം ഇതിനായി തേടാനും ആദായനികുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം മുതൽ ഒരു കോടി രൂപയോ അതിലധികമോ നികുതി കുടിശ്ശിക വരുത്തിയവരുടെ പേരുകൾ പത്രങ്ങളിൽ പ്രസിദ്ധീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം.
