കൊച്ചി: അനധികൃത സ്വത്ത് സമ്പാദനകേസില്‍ മുന്‍മന്ത്രി കെ ബാബുവിനെതിരേ വിജിലന്‍സ് ഉന്നയിക്കുന്നത് ഗുരുതരമായ ആരോപണങ്ങള്‍. മന്ത്രിയായിരുന്ന കാലഘട്ടം അനധികൃത സ്വത്ത് സമ്പാദനത്തിന് വേണ്ടി മാത്രം ഉപയോഗിച്ച ബാബു ബന്ധുക്കളുടെയും ബിനാമികളുടെയും പേരില്‍ വന്‍ തോതില്‍ അഴിമതി നടത്തിയെന്നും റിയല്‍ എസ്‌റ്റേറ്റ് മാഫിയയുമായി ബന്ധമുണ്ടെന്നും കേസിന്‍റെ എഫ്ഐആറില്‍ പറയുന്നു.

എഫ്‌ഐആറിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിന്റെ ഭാഗമായിട്ട് ശനിയാഴ്ച ബാബുവിന്‍റെയും അദ്ദേഹത്തിന്‍റെ ബിനാമികളായി കരുതുന്ന ചില സുഹൃത്തുക്കളുടെയും പെണ്‍മക്കളുടെ വീടുകളിലും വിജിലന്‍സ് പുലര്‍ച്ചെ റെയ്ഡ് നടത്തിയിരുന്നു.

മകളുടെ പേരില്‍ തമിഴ്‌നാട്ടില്‍ തേനിയില്‍ 120 ഏക്കര്‍ ഭൂമിയുണ്ടെന്നും റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുമായി ബന്ധമുണ്ടെന്നും എറണാകുളത്ത് ബിസിനസ് ഗ്രൂപ്പുകളുമായി ബിനാമി ഇടപാട് നടത്തുന്നുന്നതായും എഫ്ഐആര്‍ പറയുന്നു. മകളുടെ പേരില്‍ 45 ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ വാങ്ങുകയും അത് പിന്നീട് ഭര്‍ത്തൃപിതാവിന്‍റെ പേരിലേക്ക് മാറ്റിക്കൊടുക്കുകയും ചെയ്തു. ബാര്‍കോഴ വിവാദമുണ്ടായപ്പോള്‍ അത് മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തു. 

ഇതിന് പുറമേ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പങ്കാളിത്തവും ബേക്കറി ശൃംഖലയില്‍ പങ്കാളിത്തവും ബിനാമി പേരിലുണ്ട്. പ്രത്യേകമായി മറ്റു വരുമാനം ഇല്ലാഞ്ഞിട്ടും ബേക്കറി ഉടമകള്‍ക്ക് ആഡംബര വാഹനങ്ങളുണ്ടെന്നതാണ് മറ്റൊരു സംശയകാരണം. മന്ത്രിയായിരുന്ന കാലത്തായിരുന്നു വസ്തുവും കാറും വാങ്ങിയത്. മന്ത്രിയായിരിക്കെ വീട് ലക്ഷക്കണക്കിന് രൂപ മുടക്കി മോടി പിടുപ്പിക്കുകയും ചെയ്തിരുന്നതായി വിജിലന്‍സ് കണ്ടെത്തി.