മതിയായ സുരക്ഷാക്രമീകരണം ഫാക്ടറിയില്‍ ഉണ്ടായിരുന്നില്ലെന്നും ഫയര്‍ഫോഴ്സ് ചൂണ്ടിക്കാട്ടി. ഫയര്‍ഫോഴ്സ് മേധാവി തിങ്കളാഴ്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും.

തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്ക് വ്യവസായ ശാലയില്‍ ഉണ്ടായ തീപിടുത്തത്തില്‍ അസ്വഭാവികതയുണ്ടെന്ന് ഫയര്‍ഫോഴ്സ്. തീപിടുത്തത്തെക്കുറിച്ച് അറിഞ്ഞ് 10 മിനിറ്റിനുള്ളില്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും തീ ആളിപടര്‍ന്നിരുന്നു. ഫാക്ടറിയില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് ഇത്രവേഗം തീ പടര്‍ത്താനാകില്ലെന്നും അട്ടിമറി സാധ്യത പരിശോധിക്കേണ്ടത് പൊലീസെന്നും ഫയര്‍ഫോഴ്സ് പറഞ്ഞു. 

മതിയായ സുരക്ഷാക്രമീകരണം ഫാക്ടറിയില്‍ ഉണ്ടായിരുന്നില്ലെന്നും ഫയര്‍ഫോഴ്സ് ചൂണ്ടിക്കാട്ടി. ഫയര്‍ഫോഴ്സ് മേധാവി തിങ്കളാഴ്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കും. വ്യവസായ ശാലയ്ക്ക് നിലവില്‍ ഫാക്ടറീസ് ആന്‍റ് ബൊയിലേഴ്സിന്‍റെ അനുമതി മാത്രമാണുള്ളത്. വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്ക് ഫയര്‍ഫോഴ്സ് അനുമതി നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് എ. ഹേമചന്ദ്രന്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും.

തീപിടുത്തത്തില്‍ രണ്ട് ജീവനക്കാര്‍ പൊലീസ് കസ്റ്റഡിയിലെന്നാണ് സൂചന. അന്വേഷണ സംഘം പ്രാഥമിക അന്വേണത്തില്‍ അട്ടിമറി സാധ്യത തള്ളിക്കളഞ്ഞിരുന്നുവെങ്കിലും ഇന്നലെ രാത്രിയോടെ അട്ടിമറിയാണെന്ന് സൂചന ലഭിക്കുകയായിരുന്നു. ശമ്പളം വെട്ടിക്കുറച്ചതിനെതിരെ രണ്ട് ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതുകൂടാതെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട മൂന്ന് പേരെയും അപകട ദിവസം കമ്പനി പരിസരത്ത് കണ്ടതായും വിവരമുണ്ട്. എന്നാല്‍ ശമ്പളമോ ആനുകൂല്യങ്ങളോ നല്‍കാത്തതുമായി ബന്ധപ്പെട്ട് കമ്പിനിയില്‍ പ്രശ്നങ്ങള്‍ ഇല്ലെന്ന് എംഡി സിംസണ്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.