വി.എസ് അച്യുതാനന്ദന് ക്യാബിനറ്റ് പദവി നല്‍കാനുള്ള നിയമ ഭേദഗതി ബില്ലിനെ സബ്ജക്ട് കമ്മറ്റിയിലും പ്രതിപക്ഷം എതിര്‍ത്തു. രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ചാണ്ടി എന്നിവരുടെ വിയോജന കുറിപ്പോടെയാണ് റിപ്പോര്‍ട്ട്. ബജറ്റ് പ്രസംഗത്തിന്റെ അന്തഃസത്തക്ക് നിരക്കാത്തതാണ് ബില്ലെന്നും ക്യാബിനറ്റ് റാങ്കോടെ വിഎസിനെ ഭരണ പരിഷ്കരണ കമ്മീഷന്‍ അധ്യക്ഷനാക്കുന്നത് പൊതുപണത്തിന്റെ ദുര്‍വിനിയോഗമാണെന്നും സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് നിയമഭേദഗതിയെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ഉളളടക്കത്തില്‍ ഒരു മാറ്റവും വരുത്താതെയാണ് സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വച്ചത്.

ചൊവ്വാഴ്ച ബില്‍ പാസാകുന്നതോടെ വി.എസ് ക്യാബിനറ്റ് റാങ്കോടെ ഭരണ പരിഷ്കരണ കമ്മീഷന്‍ അധ്യക്ഷനാകും. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതൊഴികെ മന്ത്രിമാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും വി.എസിനും ലഭിക്കും. എംഎല്‍എ ആയിരിക്കുന്ന വിഎസ് ക്യാബിനറ്റ് റാങ്കോടെ ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാനാകുമ്പോള്‍ ഉണ്ടാകുമായിരുന്ന ഇരട്ട പദവി പ്രശ്നം ഒഴിവാക്കാനാണ് ഭേദഗതി കൊണ്ടുവന്നത്. വി.എസിന് മാന്യമായ പദവി നല്‍കണമെന്ന സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെറ ഇടപെടലിനെ തുടര്‍ന്നാണ് 14 ാം നിയമസഭ പരിഗണിക്കുന്ന ആദ്യ ബില്ലായി തന്നെ അയോഗ്യതകള്‍ നീക്കം ചെയ്യല്‍ ഭേദഗതി ബില്‍ കൊണ്ടുവന്നത്.