അമൃത്‌സര്‍: വിശപ്പ് സഹിക്കാതായപ്പോള്‍ വയലില്‍ നിന്ന് മുള്ളങ്കിക്കിഴങ്ങ് പറിച്ച് തിന്ന ദളിത് കുട്ടികളെ മര്‍ദ്ദിച്ച് നഗ്നരാക്കി നടത്തിച്ചു. പഞ്ചാബിലെ അമൃത്സര്‍ സോഹിയാന്‍ കാല ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. എട്ടിനും പത്തിനും ഇടയിലുള്ള ആണ്‍കുട്ടികളെയാണ് അഷുര്‍ബന്‍പാല്‍ സിംഗ് ലാത്തി എന്ന കര്‍ഷകന്‍ മുള്ളങ്കി മോഷ്ടിച്ചെന്നാരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, പട്ടം പറത്തുകയായിരുന്ന കുട്ടികള്‍ കളിച്ച് വയലിനരികിലെത്തി. വിശന്ന് തളര്‍ന്ന കുട്ടികള്‍ വയലില്‍ ഇറങ്ങി മുള്ളങ്കി പറച്ച് തിന്നുകയായിരുന്നു. കുട്ടികളെ പിടികൂടിയ കര്‍ഷകന്‍ ക്രൂരമായി മര്‍ദ്ദിക്കുകയും മൂന്നുകിലോമീറ്ററോളം നഗ്നരാക്കി നടത്തിക്കുകയും ചെയ്തു. നടത്തിക്കുന്നതിനോടൊപ്പം ഇയാള്‍ സ്‌കൂട്ടറില്‍ കുട്ടികളെ പിന്തുടരുകയായിരുന്നു. ഇത് കണ്ട വഴിയാത്രക്കാരനാണ് സംഭവം വീഡിയോയില്‍ പകര്‍ത്തിയത്. ഇവര്‍ തന്നെയാണ് കുട്ടികളെ രക്ഷിച്ചത്.
വസ്ത്രങ്ങള്‍ ഊരിവാങ്ങിയ കര്‍ഷന്‍ കുട്ടികള്‍ക്ക് തിരികെ നല്‍കാന്‍ കൂട്ടാക്കിയില്ല. പിന്നീട് കര്‍ഷകന്റെ പിതാവാണ് വസ്ത്രങ്ങള്‍ തിരികെ നല്‍കിയത്. കര്‍ഷകര്‍ കുട്ടികളോട് വളരെ ക്രൂരമായാണ് പെരുമാറിയതെന്ന് പോലീസ് പറഞ്ഞു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ കര്‍ഷകന്‍ ഒളിവില്‍ പോയി. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
