ആധാറിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കും. കേസില്‍ ഭരണഘടന ബെഞ്ച് ജൂലായ് 18മുതല്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ വ്യക്തമാക്കി. കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിച്ചാണ് ഇത്. ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത് വ്യക്തികളുടെ സ്വകാര്യത അവകാശത്തിന്‍റെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വകാര്യത അവകാശം മൗലിക അവകാശമല്ലെന്ന് നേരത്തെ എട്ടംഗ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് കേസ് ഒമ്പതംഗ ഭരണഘടന ബെഞ്ചിന് വിടേണ്ടതുണ്ടോ എന്നത് കേസ് പരിഗണിക്കാന്‍ പോകുന്ന അ‍ഞ്ചംഗ ബെഞ്ച് തീരുമാനിക്കും.