ശബരിമല: ശബരിമലയിലെ കൊടിമരത്തിന് കേടുവരുത്തിയ സംഭവത്തില്‍ അഞ്ച് പേർ പൊലീസ് പിടിയിലായി. ആന്ധ്രസ്വദേശികളാണ് പിടിയിലായത്. കസ്റ്റഡിയിലുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊടിമരത്തിൽ ദ്രാവകമൊഴിച്ചെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. നവധാന്യത്തോടൊപ്പം പാദരസം എന്ന ദ്രാവകമൊഴിച്ചെന്നും ഇത് വിശ്വാസത്തിന്‍റെ ഭാഗമായാണെന്നുമാണ് മൊഴി.

ശബരിമലയിലെ പുതിയ സ്വര്‍ണ്ണ കൊടിമരത്തില്‍ കേടുപാട് വരുത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. പോലീസ് ഇത് വിശദമായി പരിശോധിച്ചുവരികയാണ്. മൂന്ന് പേർ കൊടിമരത്തിലേക്ക് ദ്രാവകം ഒഴിക്കുന്ന ദൃശ്യങ്ങൾ സന്നിധാനത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ഇന്നുച്ചയ്ക്ക് 11.50നും 1.40നും മധ്യേയുള്ള മുഹൂർത്തത്തിലാണ് സ്വർണ കൊടിമര പ്രതിഷ്ഠ നടന്നത്. വലിയ ഭക്തജനത്തിരക്കും സന്നിധാനത്തുണ്ടായിരുന്നു. ഉച്ചപൂജയ്ക്ക് ശേഷം ഭക്തർ മലയിറങ്ങിയ ശേഷമാണ് കൊടിമരത്തിന് കേടുവരുത്തിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ദേവസ്വം അധികൃതർ വിവരം സുരക്ഷ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.