ദേശീയപാതയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്.

ആലപ്പുഴ: ദേശിയപാതയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. അമ്പലപ്പുഴ കരൂര്‍ ഗവണ്‍മെന്റ് ന്യൂ എല്‍ പി സ്‌കൂളിന് മുന്‍വശം ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടോടെയാണ് അപകടം ഉണ്ടായത്. വടക്കുനിന്നും തെക്ക് ഭാഗത്തേയ്ക്ക് അമിത വേഗതയില്‍ പോയ വാഗണര്‍ കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന ഓട്ടോറിക്ഷയിലും ഇതിന് പിന്നിലുണ്ടായിരുന്ന ബൈക്കിലും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. കാറിന്റെ മുന്‍ഭാഗവും തകര്‍ന്നു. പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവര്‍ കഞ്ഞിപ്പാടം കൊച്ചുപാലത്തിട്ടയില്‍ രാമകൃഷ്ണക്കുറുപ്പ് (48), ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത കരൂര്‍ പുതുവല്‍ സന്തോഷിന്റെ ഭാര്യ ഹരിത (22), ബൈക്ക് യാത്രക്കാരന്‍ ഫിലിപ്പ് ചെറിയാന്‍, കാര്‍ ഡ്രൈവര്‍ പുറക്കാട് പുതുവല്‍ നിഷാദ്, പെട്ടി ഓട്ടോറിക്ഷാ ഡ്രൈവര്‍ വണ്ടാനം വൃക്ഷവിലാസം ഹനീഫ് (25) എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.