Asianet News MalayalamAsianet News Malayalam

കോടതിയിൽ പീഡനം വിവരിക്കാന്‍ 5വയസ്സുകാരി ഉപയോഗിച്ചത് ബാർബി പാവ

Five year old explains sexual assault on her through Barbie doll to Delhi HC
Author
First Published Jun 17, 2017, 2:37 PM IST

ന്യൂഡൽഹി: അഞ്ചുവയസുകാരി ബാർബി ഡോളിനെ ഉപയോഗിച്ച് തനിക്കുനേരെ നടന്ന ലൈംഗിക പീഡനം വിവരിച്ചത് അംഗീകരിക്കാവുന്ന തെളിവാണെന്ന് ഡൽഹി ഹൈകോടതി. പീഡനകേസിൽ വിചാരണ നടക്കുന്നതിനിടയില്‍ കീഴ്​കോടതിയിൽ ബാർബി ഡോളിനെ ഉപയോഗിച്ച്​ അഞ്ചുവയസുകാരി പറഞ്ഞ കാര്യങ്ങൾ  അംഗീകരിക്കാവുന്നതല്ലെന്ന്​ ചൂണ്ടിക്കാട്ടി പ്രതിഭാഗം അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീല്‍ തള്ളിയാണ്​ കോടതിയുടെ വിധി.

കീഴ്​ കോടതിയിൽ വിചാരണക്ക്​ എത്തിയ കുട്ടിക്ക്​ സൗഹൃദാന്തരീക്ഷം തോന്നിപ്പിക്കാൻ ജഡ്​ജി പാവക്കുട്ടി​യെ നൽകിയിരുന്നു.  പീഡനത്തെ കുറിച്ചുള്ള പ്രതിഭാഗം അഭിഭാഷക​​ന്‍റെ അശ്ലീല ചോദ്യങ്ങൾക്ക്​ മറുപടി നൽകാതിരുന്ന അവൾ പാവക്കുട്ടിയുടെ സ്വകാര്യഭാഗങ്ങൾ തൊട്ടുകാണിക്കുകയായിരുന്നു. പ്രതി ഇങ്ങനെ കുട്ടിയോട്​ പെരുമാറിയോ എന്ന ജഡ്​ജിയുടെ ചോദ്യത്തിന് അ​തേ എന്നവൾ മറുപടിയും നൽകി.  തുടര്‍ന്നാണ് പ്രതിയായ ഹണ്ണി എന്ന 23കാരനെ കോടതി ശിക്ഷിച്ചത്.

​എന്നാല്‍ ശിക്ഷക്കെതിരെ പ്രതി അപ്പീൽ നൽകി. ചോദ്യങ്ങൾക്ക്​ മറുപടി പറയാത്തതിനാൽ  തന്നെ പീഡനം നടന്നിട്ടില്ലെന്ന്​ പ്രതിഭാഗം അഭിഭാഷകൻ ഹൈകോടതിയിൽ വാദിച്ചു. കൊച്ചു കുട്ടിക്ക്​ ഇതിലേറെ വിവിരക്കാനാകില്ലെന്ന്​ അറിയിച്ച ജഡ്​ജി എസ്​.പി ഗാർഗ്​ ഹണ്ണി​യു​ടെ അപ്പീൽ തള്ളിശിക്ഷ ശരിവച്ചു. കുട്ടിക്ക്​ ഏറ്റ ശാരീരിക പീഡന​ത്തേക്കാൾ ഗുരുതരമാണ്​ അവളു​ടെ മാനസികാവസ്​ഥയെന്നും കുട്ടി സംസാരിക്കാൻ തയാറാകാത്തത്​ മാത്രമല്ല, സ്വന്തം അച്ഛനോടൊപ്പം പോലും തനിച്ച്​ നിൽക്കാനും ഭയ​പ്പെടുന്ന അവസ്​ഥയിലാണെന്നും ഗുരുതരമായ കുറ്റകൃത്യമാണിതെന്നും കോടതി നിരീക്ഷിച്ചു.

2014 ജുലൈയിൽ സഹോദരനൊപ്പം സ്​കൂളിലേക്ക്​ പോകുന്നതിനി​ടെയാണ്​ കുട്ടി പീഡിപ്പിക്കപ്പെട്ടത്​. പ്രതി 10 വയസുകാരനായ സഹോദരന്​​ പണം നൽകി മിഠായി വാങ്ങാൻ പറഞ്ഞയച്ച ശേഷം കുട്ടി​യെ തട്ടി​ക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട്​ വീടിന്​ സമീപം ഉപേക്ഷിച്ചു. നഗ്​നയായി കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ അയൽവാസിയാണ് വീട്ടിലെത്തിക്കുന്നത്. ഭയന്നു പോയ കുട്ടി ആദ്യം പീഡനത്തെ കുറിച്ച്​ പറഞ്ഞിരുന്നില്ല. പിന്നീട്​ അമ്മയു​ടെ അടുത്ത്​ വിവരം അറിയിച്ചപ്പോഴാണ്​ സംഭവം പുറത്തറിയുന്നത്​. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ്​ പ്രതിയെ പിടികൂടുന്നത്​.

കഴിഞ്ഞദിവസം മറ്റൊരു സമാന സംഭവത്തില്‍ ഡല്‍ഹി കോടതി കുട്ടി വരച്ച ചിത്രം തെളിവായി അംഗീകരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios