തിരുവനന്തപുരം: പദ്ധതി നിര്‍വ്വഹണം സമയബന്ധിതമാകണമെന്ന മുഖ്യമന്ത്രിയുടെ അന്ത്യശാസനം പാളുന്നു. ജിഎസ്ടിയുടെ പേരിൽ കരാറുകാര്‍ ഉടക്കിട്ടതോടെ പ്രതീക്ഷിച്ചതിന്റെ പതിനഞ്ച് ശതമാനം പോലും പണി പൂര്‍ത്തിയാക്കാൻ സംസ്ഥാനത്തെ മിക്ക തദ്ദേശഭരണ സ്ഥാപനങ്ങൾക്കും കഴിഞ്ഞിട്ടില്ല. 92,000 നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിൽ പണി തുടങ്ങിയത് വെറും 13,000 എണ്ണത്തിൽ മാത്രമെന്നാണ് തദ്ദേശഭരണ സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ അവലോകന റിപ്പോര്‍ട്ടിൽ പറയുന്നത്
സാമ്പത്തിക വര്‍ഷാവസാനം തിരക്കിട്ട പണി അഴിമതിക്കിടയാക്കുന്നു. കരാറുകാരും രാഷ്ട്രീയക്കാരും പണം തട്ടുന്നതിന് പുറമെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണ നിലവാരത്തിലും വലിയ വീഴ്ച ഉണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി നേരിട്ടിടപെട്ടത്. ഡിസംബര്‍ 31 ന് മുൻപ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും നൽകി. എന്നാൽ ഒരു മാസം മാത്രം ശേഷിക്കെ ലക്ഷ്യത്തിന്‍റെ അടുത്ത് പോലും എത്താനായിട്ടില്ല.
92,000 പദ്ധതികളിൽ പണി ആരംഭിച്ചത് 13000 .അതായത് 86 ശതമാനം ജോലികളും ആരംഭിച്ചിട്ട് പോലുമില്ല . ടെന്‍ററെടുക്കാന്‍ കരാറുകാര്‍ നൽകുന്ന വിശദീകരണം ജിഎസ്ടിയുടെയും വാറ്റിന്‍റെയും പ്രശ്നമാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച 6194 കോടി രൂപയിൽ ഇതു വരെ ചെലവഴിച്ചത് 1740 കോടി രൂപ മാത്രമാണ്. തിരുവനന്തപുരം ജില്ലയാണ് ഏറ്റവും മുന്നിൽ .
ചെലവഴിച്ചത് 30.36 കോടി രൂപ. 25 .56 കോടി മാത്രം ചെലവഴിച്ച കോഴിക്കോട് ജില്ലയാണ് ഏറ്റവും പുറകിൽ.പഞ്ചായത്തുകളിൽ 31 ശതമാനം ചെലവാക്കിയപ്പോൾ ബ്ലോക്ക് പഞ്ചായത്ത് 30.26 ശതമാനവും മാത്രമാണ് പദ്ധതി ചെലവ് . അശാസ്ത്രീയ നികുതി പരിഷ്കാരം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ 5000ത്തോളം വരുന്ന കരാറുകാര്‍ സമര പ്രഖ്യാപനത്തിനും ഒരുങ്ങുകയാണ്.
