വാഷിങ്ടണ്‍: പറക്കുന്ന വിമാനത്തിനുള്ളില്‍നിന്ന് താഴേക്ക് ചാടാന്‍ ശ്രമിച്ച യുവാവിനെ ഏറെ ശ്രമപ്പെട്ട് വിമാനജീവനക്കാരും യാത്രക്കാരുംചേര്‍ന്ന് കീഴടക്കി. വാഷിങ്ടണിലെ സീറ്റില്‍ വിമാനത്താവളത്തില്‍നിന്ന് ബീജിങ്ങിലേക്ക് പോയ വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചുമണിക്ക് സീറ്റില്‍ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഡെല്‍റ്റ എയര്‍വേസ് വിമാനത്തിനുള്ളിലാണ് നാടകീയസംഭവവികാസങ്ങള്‍ ഉണ്ടായത്. ജോസഫ് ഹുഡെക് എന്ന യാത്രക്കാരനാണ് വിമാനത്തിനുള്ളില്‍നിന്ന് ചാടാന്‍ശ്രമിച്ചത്.

വിമാനം പുറപ്പെടുന്നതിന് അരമണിക്കൂര്‍മുമ്പ് ഓരോ കൂപ്പി വൈനും ബീയറും ഹുഡെക് ആവശ്യപ്പെട്ടിരുന്നു. വിമാനം പുറപ്പെട്ടു അരമണിക്കൂര്‍കഴിഞ്ഞപ്പോള്‍ ഇയാള്‍ ബാത്ത്‌റൂമില്‍ പോയി. ഈ സമയം വിമാനം വാന്‍കൂര്‍ ദ്വീപിന് മുകളിലൂടെ പറക്കുകയായിരുന്നു. ബാത്ത് റൂമില്‍നിന്ന് മടങ്ങിയശേഷമായിരുന്നു പരാക്രമം. എക്‌സിറ്റ് ഡോറിലേ‍ക്ക് പോയി അത് തുറക്കാന്‍ ശ്രമിച്ചതോടെ വിമാനത്തിലെ ജീവനക്കാര്‍ ഓടിയെത്തി ഇയാളെ തടഞ്ഞു. എന്നാല്‍ കൈയിലുണ്ടായിരുന്ന ബീയര്‍ കുപ്പി ഉപയോഗിച്ച് ഹുഡെക് വിമാനജീവനക്കാരെ ആക്രമിച്ചു. ഇതോടെ കൂടുതല്‍ ജീവനക്കാരും യാത്രക്കാരും എത്തി ഇയാളെ തടയാന്‍ ശ്രമിച്ചു. ഏറെ നേരത്തെ മല്‍പ്പിടുത്തത്തിനുശേഷം യാത്രക്കാരെയും ജീവനക്കാരെയും ജോസഫ് ഹുഡെക് തള്ളിമാറ്റി. ഇതിനുശേഷം വീണ്ടും വിമാനത്തിലെ എക്‌സിറ്റ് ഡോര്‍ തുറക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ രണ്ടു വിമാനജീവനക്കാര്‍ വൈന്‍ കുപ്പി ഉപയോഗിച്ച് ജോസഫ് ഹുഡെകിന്റെ തലയ്‌ക്ക് അടിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. കുപ്പി പൊട്ടി, റെഡ് വൈന്‍ ഇയാളുടെ മുഖത്തുകൂടി ഒഴുകി. കേബിള്‍ ഉപയോഗിച്ച് ഇയാളുടെ കൈകള്‍ കൂട്ടിക്കെട്ടി. പിന്നീട് സീറ്റില്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയ വിമാനത്തില്‍വെച്ച് സുരക്ഷാസേന ഇയാളെ കസ്റ്റഡിയിലെടുത്തു. ഏറെ അലങ്കോലപ്പെടുകയും, റെഡ് വൈന്‍ ഒഴുകി വൃത്തികേടാകുകയും ചെയ്‌ത വിമാനത്തിന്റെ ഉള്‍വശം വൃത്തിയാക്കിയശേഷമാണ് യാത്ര തുടര്‍ന്നത്.