ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകളെ വലച്ച് പൊങ്കലാഘോഷം. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായുള്ള ഭോഗി ചടങ്ങാണ് വിമാന സര്‍വ്വീസുകളെ വലച്ചത്. ഭോഗി ചടങ്ങിന്റെ ഭാഗമായി വീടുകളിലും കൃഷിയിടങ്ങളിലേയും മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കാന്‍ തുടങ്ങിയതോടെയാണ് ചെന്നൈ വിമാനത്താവളത്തില്‍ പുകശല്യം രൂക്ഷമായത്. 

പത്തോളം സര്‍വ്വീസുകള്‍ വഴി തിരിച്ച് വിടേണ്ടി വന്നു. ഒപ്പം അത്ര തന്നെ സര്‍വ്വീസുകള്‍ മണിക്കൂറുകളോളം താമസിക്കുകയും ചെയ്തു. അന്തരീക്ഷത്തിലെ പുകയുടെ സാന്നിധ്യം ചെന്നൈയുടെ പലഭാഗങ്ങളിലും അപകടകരമായ രീതിയില്‍ വര്‍ദ്ധിച്ചു. 

പൊങ്കലിന്റെ പ്രധാന ചടങ്ങാണ് ഭോഗി. വീടുകളിലെയും കൃഷിയിടങ്ങളിലെയും പാഴ് വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിച്ചാല്‍ ഭാഗ്യം വരുമെന്ന തമിഴ് വിശ്വാസമനുസരിച്ചാണ് ചടങ്ങ് നടത്തുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗങ്ങള്‍ പാഴ്വസ്തുക്കള്‍ കത്തിക്കുന്നതിനെതിരെ ബോധവല്‍ക്കരണത്തിന് ശ്രമിച്ചെങ്കിലും കാര്യമായ മാറ്റം ഉണ്ടായിട്ടില്ലെന്നാണ് കണക്ക് കൂട്ടുന്നത്. എന്നാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ അവകാശപ്പെടുന്നത്.