Asianet News MalayalamAsianet News Malayalam

റഫാൽ ആരോപണങ്ങൾ ചത്ത കുതിരയെ മേയ്ക്കുന്നത് പോലെയെന്ന് നിർമലാ സീതാരാമൻ, സഭ പ്രക്ഷുബ്ധം

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നതിൽ പ്രതിരോധവകുപ്പിന് കടുത്ത അതൃപ്തിയുണ്ടായിരുന്നെന്ന റിപ്പോർട്ടുകളെ ചത്ത കുതിരയെ മേയ്ക്കുന്നത് പോലെയെന്നു പറഞ്ഞ് തള്ളിക്കളയുകയാണ് ഭരണപക്ഷം.

Flogging A Dead Horse Government and Nirmala Seetharaman Says On Explosive Rafale Report
Author
Parliament House, First Published Feb 8, 2019, 12:58 PM IST

ദില്ലി: റഫാൽ ഇടപാടിലെ പുതിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പാർലമെന്‍റിൽ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ. റഫാലിലെ പുതിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളും ബഹളത്തിൽ മുങ്ങി. രാവിലെ പതിനൊന്നര വരെ ബഹളം തുടർന്നപ്പോൾ ലോക്സഭ പന്ത്രണ്ട് മണി വരെ നിർത്തിവച്ചു. രാജ്യസഭ ഇന്നത്തേയ്ക്ക് നിർത്തിവച്ചു. 

വീണ്ടും സഭ ചേർന്നപ്പോൾ ലോക്സഭയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി നിന്ന് ബഹളം വയ്ക്കുകയാണ്. റഫാൽ ഇടപാടിൽ ജെപിസി അന്വേഷണം വേണമെന്നും പ്രധാനമന്ത്രി നേരിട്ടെത്തി വിശദീകരണം നൽകണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. 

ഇന്നലെ പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. റഫാൽ ഇടപാിടൽ പ്രതിപക്ഷവും രാഹുൽ ഗാന്ധിയും നുണ പറയുകയാണെന്നായിരുന്നു ആരോപണം. കള്ളനായ രാഹുൽ ഗാന്ധി കാവൽക്കാരനായ തന്നെ കള്ളനെന്ന് വിളിക്കുന്നുവെന്നും മോദി തിരിച്ചടിച്ചിരുന്നു. എന്തായാലും റഫാൽ ഇടപാടിൽ പ്രതിരോധവകുപ്പിന് അതൃപ്തിയുണ്ടായിരുന്നെന്ന വിവരം പുറത്തുവന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി പാർലമെന്‍റിലും സ‍ർക്കാർ സുപ്രീംകോടതിയിലും നുണ പറയുകയായിരുന്നെന്നും ഇക്കാര്യത്തിൽ മോദി തന്നെ വിശദീകരണം നൽകണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. 

എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയത് വിലയിരുത്തൽ മാത്രമാണെന്നാണ് നിർമലാ സീതാരാമൻ മറുപടിയായി പറഞ്ഞത്. ഇത് ഇടപെടലായി വ്യാഖ്യാനിക്കേണ്ടതില്ല. പ്രതിരോധ മന്ത്രാലയത്തിന്‍റെ സംശയങ്ങൾക്ക് അന്നത്തെ പ്രതിരോധമന്ത്രി നല്കിയ മറുപടി എന്തു കൊണ്ട് പ്രസിദ്ധീകരിച്ചില്ല എന്നും നിർമ്മല സീതാരാമൻ ചോദിച്ചു. പക്ഷേ നിർമലയുടെ മറുപടി പ്രസംഗം ബഹളത്തിൽ മുങ്ങി. ഇതോടെയാണ് ഇന്നത്തേയ്ക്ക് രാജ്യസഭ നിർത്തിവയ്ക്കേണ്ടി വന്നത്. 

Follow Us:
Download App:
  • android
  • ios