രോഗത്താല്‍ നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുമ്പോഴും പ്രളയ ബാധിതര്‍ക്ക് നല്‍കുന്ന ആശ്വാസധനം വേണ്ടെന്ന് വീടിനു മുന്നില്‍ എഴുതിവെച്ച് മാതൃകയാവുകയാണ് ഈ ചെറായിക്കാരന്‍
കൊച്ചി: പ്രളയക്കെടുതി അനുഭവിച്ചവര്‍ ആനുകൂല്യങ്ങള്‍ക്കായി നെട്ടോട്ടമോടുമ്പോള്‍ തനിക്കു ലഭിക്കാമായിരുന്ന ആശ്വാസധനം പോലും വേണ്ടെന്നും പകരം അത് കൂടുതല്‍ അര്‍ഹതപെട്ടവര്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ജോര്‍ജ്ജ്. അന്വേഷിച്ചെത്തുന്ന ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചുകൊണ്ട് തന്റെ ഈ ആവശ്യം വീടിനു മുന്നില്‍ നോട്ടീസായി എഴുതി ഒട്ടിച്ചിരിക്കുകയാണ് അദ്ദേഹം.
ഞാറക്കല്‍ മുതല്‍ പള്ളിപ്പുറം വരെയുള്ള പ്രദേശത്ത് അനര്‍ഹരായ പലരും സര്‍ക്കാര്‍ സഹായം കൈപ്പറ്റാന്‍ അപേക്ഷ നല്‍കിയതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് അന്വേഷിക്കാനാണ് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. എന്നാല്‍ നാലാം വാർഡിലെ 108-ാം നമ്പർ വീട്ടിലെത്തിയ ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ഹര്‍ട്ടിസ് ഒന്ന് അമ്പരന്നു. പെരുവിരൽ നനയാൻ മാത്രം പ്രളയജലാനുഭവം ഉള്ളവർ പോലും പരമാവധി സർക്കാർ സഹായത്തിനായി ശ്രമിക്കുന്നതിനിടയിലാണിവിടെ ഒരാൾ സഹായമൊന്നും വേണ്ടെന്നും അത് നഷ്ടങ്ങൾ ഉണ്ടായവർക്കു നൽകണമെന്നും അപേക്ഷിച്ചുകൊണ്ടുള്ള കത്തെഴുതിവച്ചിരിക്കുന്നത്.
പരിസരത്ത് ആദ്യമായി വെള്ളം കയറിയ വീടാണ് തന്റേതെന്നും എന്നാല്‍ കാര്യമായ നഷ്ടങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും അതുകൊണ്ട് ദയവായി സാമ്പത്തിക സഹായം നല്‍കരുത് എന്നുമാണ് കത്ത്. കൂടാതെ പറവൂര്‍ പെരുമ്പടന്ന മുതല്‍ കിഴക്ക് ഭാഗങ്ങളില്‍ ഈ തുക വിനിയോഗിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു. അസുഖങ്ങള്‍ മൂലം നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടനുഭവിക്കുന്ന ഒരാളില്‍ നിന്നാണ് ഈ പ്രതികരണം എന്നത് തന്നെ അദ്ഭുതപ്പെടുത്തിയെന്ന് ഹര്‍ട്ടിസ്. മറ്റാരെക്കാളും ആ പണം അയാള്‍ക്ക് ഉപകാരപ്പെടുമെന്നും ഈ ഉദ്ദ്യോഗസ്ഥന്‍ പറയുന്നു.
കല്‍പ്പണിക്കാരനാണെങ്കിലും നട്ടെല്ലില്‍ ഓപറേഷന്‍ കഴിഞ്ഞിരിക്കുന്നതിനാല്‍ ഭാരമെടുക്കാനോ സ്ഥിരമായി പണിക്കുപോകാനോ പറ്റാത്ത അവസ്ഥയിലാണ് ജോര്‍ജ്ജ്. ഇതിനിടയിലാണ് ഹൃദയത്തിനു ദ്വാരം ഉള്ളതായി കണ്ടെത്തിയത്. 50,000 രൂപ കെട്ടിവച്ചാല്‍ ശസ്ത്രക്രിയ നടത്താമെന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രി പറഞ്ഞിരുന്നു. എന്നാല്‍ തുക കണ്ടെത്താനാകാത്തതിനാല്‍ ചികിത്സ നടന്നില്ല. ഇത്രയും പണം ലഭിക്കാന്‍ ലോട്ടറി അടിക്കുക മാത്രമാണ് മുന്നിലുള്ള മാര്‍ഗ്ഗം. ആരോഗ്യം അനുവദിക്കാത്തതിനാല്‍ മാസത്തില്‍ പകുതി ദിവസം പോലും പണിക്കുപോകാന്‍ സാധിക്കാറില്ല. എങ്കിലും പ്രളയം വന്നപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും അടുത്തുള്ള സ്കൂള്‍ വൃത്തിയാക്കുന്നതിനും മറ്റും സ്വന്തം ആരോഗ്യം വകവയ്ക്കാതെ മുന്‍പന്തിയില്‍ ഇദ്ദേഹം ഉണ്ടായിരുന്നു.
രണ്ടു സെന്‍റ് മാത്രം ഭൂമിയുള്ള ജോര്‍ജ്ജിന് ഉയര്‍ന്ന മാസവരുമാനമുള്ളതായാണ് റേഷന്‍ കാര്‍ഡില്‍ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. റേഷന്‍ കാര്‍ഡ് ഇങ്ങിനെ ആയതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുകയില്ല. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയാലും സൗജന്യമായി മരുന്നു ലഭിക്കില്ല. എട്ടിലും മൂന്നിലും പഠിക്കുന്ന മക്കളുടെ വിദ്യാഭ്യാസവും വീട്ടു ചിലവും നടത്തുന്നതിന് ഭാര്യ ദിവസകൂലിക്ക് പണിയെടുക്കുന്നു. ദിവസം 250 രൂപയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. പോകുന്നിടത്തോളം ഇങ്ങനെ പോകട്ടെ എന്നാണ് ജോര്‍ജ്ജ് പറയുന്നത്.
കഷ്ടപ്പാടുകള്‍ക്കിടയിലും മക്കള്‍ക്കെങ്കിലും സ്വന്തം ജീവിതത്തിലൂടെ മാതൃകയാവാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. ഒന്നും നഷ്ടപ്പെടാത്ത പത്തുപേര്‍ ആശ്വാസധനം വേണ്ടെന്നു വച്ചാല്‍ ആ ഒരുലക്ഷം രൂപ ആവശ്യക്കാര്‍ക്ക് ഉപകാരപ്പെടും എന്നാണ് ജോര്‍ജ്ജിന്റെ പക്ഷം. എന്നാല്‍ വീടിനു മുന്നില്‍ ആശ്വാസധനം വേണ്ടെന്ന്‍ എഴുതി വച്ചതില്‍ നാട്ടുകാരില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ട്. ഇതുമൂലം തങ്ങള്‍ക്ക് കിട്ടണ്ടതുകൂടി കിട്ടാതായി എന്നാണ് അവരുടെ പക്ഷം. എന്നാല്‍ ഈ പ്രശ്നങ്ങള്‍ക്കിടയിലും അടുത്ത പ്രദേശങ്ങളില്‍ പ്രളയത്തില്‍ വെള്ളം കയറിയ വീടുകളിലെ ദുരിതം വാര്‍ത്തയാക്കൂ എന്ന് മാത്രമാണ് ജോര്‍ജ്ജിന് പറയാനുള്ളത്.
