കാഠ്മണ്ഡു: കനത്ത മഴ തുടരുന്ന നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലുകളിലുമായി 49 പേർ മരിച്ചു. 36 പേരെ കാണാതായി. മുപ്പത്തയ്യായിരത്തിലേറെ വീടുകൾ തകർന്നു. മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ ചിത്വാൻ മേഖല ഒറ്റപ്പെട്ടു. 200ലേറെ പേരടങ്ങുന്ന ഇന്ത്യൻ വിനോദ സഞ്ചാരികളടക്കം 600ലേറെ പേർ ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്.
ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രാജ്യത്തെ 21 ജില്ലകൾ കനത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്. ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
