ഹോസ്റ്റലിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് നടപടി. 

കോഴിക്കോട്: ഗുരുവായൂരപ്പൻ കോളേജ് ഹോസ്റ്റലിലെ മെസ്സ് അടച്ചു പൂട്ടാൻ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നിർദ്ദേശം നൽകി. നാളെ രേഖാമൂലം നോട്ടീസ് നൽകും. ഹോസ്റ്റലിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് നടപടി. ഇതേ തുടർന്ന് കോർപറേഷൻ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ മെസിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 

അതേസമയം ഹോസ്റ്റലിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പളിനെ ഉപരോധിച്ചു. ഭക്ഷ്യവിഷബാധ തടയാന്‍ നടപടി എടുത്തില്ലെന്നാരോപിച്ചാണ് ഉപരോധം. ഇന്നലെ രാത്രിയാണ് കോളേജ് ഹോസ്റ്റലിലെ മെസ്സില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. ഹോസ്റ്റല്‍ ഭക്ഷണം കഴിച്ച 43 വിദ്യാര്‍ത്ഥികള്‍ക്ക് ചര്‍ദ്ദിയും വയറിളക്കവും ഉണ്ടായി.