അലെപ്പോ: സമാധാനം തിരിച്ചെത്തുന്ന സൂചന നല്‍കി അലെപ്പോയില്‍ വീണ്ടും ഫുട്ബോള്‍ മത്സരം. അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സിറിയന്‍ നഗരമായ അലെപ്പോയില്‍ ഫുട്ബോള്‍ മത്സരം നടന്നത്. ആക്രമണങ്ങളില്‍ തകര്‍ന്ന നാടിനെ സമാധാനത്തിലേക്ക് തിരിച്ചെത്തിക്കുന്നതിന്‍റെ ഭാഗമായാണ് അലെപ്പോയില്‍ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചത്.

മത്സരം തുടങ്ങുന്നതിന് ഏറെ മുന്‍പേ തന്നെ റിയായത്ത് അല്‍ഷബാബ് സ്റ്റേഡിയത്തില്‍ കാണികള്‍ നിറഞ്ഞിരുന്നു. ഫുട്ബോള്‍ പ്രേമികളെ നിരാശരാക്കാതെ അല്‍ ഇത്തിഹാദും ഹൊറിയയും തമ്മില്‍ ശക്തമായ പോരാട്ടം. അഞ്ച് തവണ സിറിയന്‍ ചാമ്പ്യന്‍മാരായ അല്‍ ഇത്തിഹാദ് ഒന്നിനെതിരെ രണ്ട് ഗോളിന് ഹൊറിയയെ തോല്‍പിച്ചു. മത്സരത്തിന് ഇത്രയധികം ജനപങ്കാളിത്തമുണ്ടായത് നല്ല സൂചന നല്‍കുന്നതായി സംഘാടകര്‍ പറഞ്ഞു. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു താരങ്ങള്‍ .

കഴിഞ്ഞ അഞ്ച് വര്‍ഷമായി മേഖലയില്‍ സര്‍ക്കാര്‍ അനുകൂലസേനയും വിമതരും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതോടെയാണ് ഫുട്ബോള്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചത്.വിമതരെ തുരത്തി ഒരു മാസം മുന്‍പ് സൈന്യം നിയന്ത്രണമേറ്റെടുത്തതോടെയാണ് ആക്രമണങ്ങള്‍ അവസാനിച്ചത്.ഫുട്ബോളിന് ഏറെ കാണികളുള്ള സിറിയയില്‍ ദമാസ്കസ്, ലറ്റാക്കിയ നഗരങ്ങളില്‍ മാത്രമാണ് നിലവില്‍ മത്സരം നടത്താന്‍ സാധിക്കുന്നത്.സാംസ്കാരിക നഗമായ അലെപ്പോയില്‍ ആഭ്യന്തര സംഘര്‍ഷത്തിനിടെ 3 ലക്ഷത്തിലധികമാളുകളാണ് കൊല്ലപ്പെട്ടത്.